Skip to main content
..

അത്യാധുനിക സൗകര്യങ്ങളുമായി ഓച്ചിറ പബ്ലിക് ഹെല്‍ത്ത് ലാബ്

പരിശോധനചെലവ് പരിമിതപ്പെടുത്തി ആശ്വാസമാകുകയാണ് ഓച്ചിറ ബ്ലോക്ക് സി.എച്ച്.സിയിലെ പബ്ലിക് ഹെല്‍ത്ത് ലാബ്. പുതിയ കെട്ടിടത്തിനൊപ്പം അത്യാധുനിക പരിശോധനാ സൗകര്യങ്ങളാണ്  ഒരുക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിന് 2023-2024 സാമ്പത്തിക വര്‍ഷം അനുവദിച്ച ഹെല്‍ത്ത് ഗ്രാന്റില്‍നിന്ന് 13,30,850 രൂപ ചെലവിട്ട് ലാബ് കെട്ടിടം നവീകരിച്ചതിനൊപ്പം 7,99,137 രൂപയുടെ ഉപകരണങ്ങളാണ് പുതുതായി ഒരുക്കിയത്.
പ്രമേഹത്തിന്റെ മൂന്നുമാസത്തെ ശതമാനം കണക്കാക്കാന്‍ കഴിയുന്ന എച്ച്.ബി എ വണ്‍ സി അനലൈസര്‍, ഒരേസമയം 60 രോഗികള്‍ക്ക് 430ഓളം ടെസ്റ്റുകള്‍ ചെയ്യാന്‍ കഴിയുന്നതും 30 മിനിറ്റിനകം ഫലം ലഭിക്കുന്നതുമായ ഫുള്ളി ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, സോഡിയം, പൊട്ടാസ്യം എന്നിവ പരിശോധിക്കുന്ന ഇലക്ട്രോലെറ്റ് അനലൈസര്‍, 30 മിനിറ്റില്‍ ഇ.എസ്.ആര്‍ കണക്കാക്കാന്‍ കഴിയുന്ന ഇ.എസ്.ആര്‍ അനലൈസര്‍, രക്തത്തിന്റെ കൗണ്ട് പരിശോധിക്കുന്ന 2 ഹേമറ്റോളജി അനലൈസര്‍, 4 മൈക്രോസ്‌കോപ്പ്, ഹോര്‍മോണ്‍ അനലൈസര്‍, ബയോകെമിസ്ട്രി സെമി അനലൈസര്‍ എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവ മുഖേന തൈറോയ്ഡ് പരിശോധന, കരള്‍ പ്രവര്‍ത്തന പരിശോധന ഉള്‍പ്പെടെ 64 തരം പരിശോധനകള്‍ക്കാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. നേരത്തെ 16 തരം പരിശോധനകളായിരുന്നു ഉണ്ടായിരുന്നത്. 2024 ഒക്ടോബറിലാണ് നവീകരിച്ച ലാബ് തുടങ്ങിയത്. അഞ്ചുമാസത്തിനുള്ളില്‍ 3000ത്തോളം രോഗികളാണ് സേവനം പ്രയോജനപ്പെടുത്തിയത്.  
 

date