എട്ട് തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ ഉൾപ്പെടെ എട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2025 - 26 വാർഷിക പദ്ധതികൾക്ക് അംഗീകാരം. ഇതോടെ ജില്ലയിലെ 38 തദ്ദേശ സ്ഥാപനങ്ങളുടെ 2025 - 2026 വാർഷിക പദ്ധതികൾക്ക് അംഗീകാരമായി. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച ആദ്യ ജില്ലാ പഞ്ചായത്താണ് ആലപ്പുഴ. 2024 - 2025 വാർഷിക പദ്ധതി വിഹിത വിനിയോഗത്തിൽ 79.96 ശതമാനം ചെലവഴിച്ച ആലപ്പുഴ ജില്ല സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്താണ്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കായികമേഖലയെ മെച്ചപ്പെടുത്തുന്നതിന് കുട്ടികൾക്കായി 'സ്‌പോർട്‌സാണ് ലഹരി' പദ്ധതിയും പാലിയേറ്റീവ് കെയർ മേഖലയിൽ കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ് അധ്യക്ഷനായി. ആസൂത്രണസമിതി അംഗങ്ങളായ ബിനു ഐസക് രാജു, വി ഉത്തമൻ, ബിനിത പ്രമോദ്, ഡിപി മധു, രജനി ജയദേവ്, ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/988)
- Log in to post comments