ശുചിത്വ സന്ദേശം പകർന്ന് വയലാറിൽ വിളംബര ജാഥ : മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു
മാലിന്യമുക്ത നവകേരളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയലാർ ഗ്രാമപഞ്ചായത്തിൽ
ശുചിത്വ സന്ദേശ വിളംബര ജാഥ സംഘടിപ്പിച്ചു. വയലാർ രാമവർമ്മ സ്കൂളിന് സമീപത്തും നിന്നും ആരംഭിച്ച ജാഥ നാഗംകുളങ്ങര കവലയിൽ സമാപിച്ചു. സമാപന സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ ഹരിത കർമ്മ സേനയെ ഏൽപ്പിക്കുക വഴി എല്ലാവരും മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമാകണമെന്ന് മന്ത്രി പറഞ്ഞു.
മികവാർന്ന രീതിയിൽ മാലിന്യമുക്ത പ്രവർത്തനങ്ങൾ നടത്തിയതിന് 16 വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെയും സ്ഥാപനമേധാവികളെയും ഹരിത കർമ്മസേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കീഴിലെ അങ്കണവാടികൾക്കുള്ള അടുക്കള ഉപകരണ വിതരണവും നടന്നു.
സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, വയലാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, സ്ഥിരംസമിതി അധ്യക്ഷരായ ഇന്ദിര ജനാർദ്ദനൻ, യു ജി ഉണ്ണി, ബീന തങ്കരാജ്, പഞ്ചായത്തംഗങ്ങൾ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments