എന്റെ കേരളം പ്രദർശന വിപണന മേള മെയ് 18 മുതൽ 24 വരെ; സംഘാടകസമിതി രൂപീകരിച്ചു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള മെയ് 18 മുതൽ 24 വരെ തേക്കിൻക്കാട് മൈതാനത്തെ വിദ്യാർഥി കോർണറിൽ നടക്കും. മേളയുടെ സംഘാടക സമിതി രൂപീകരണയോഗം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായി.
സംസ്ഥാന സർക്കാരിന്റെ ജില്ലയിലെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള അവസരം വിവിധ വകുപ്പുകൾക്ക് നൽകുകയാണ് മേളയുടെ ലക്ഷ്യമെന്ന് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. വ്യത്യസ്തമായ മോഡലുകൾ പ്രദർശിപ്പിക്കുന്നതിന് വകുപ്പുകൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിന്റെ ആഭിമുഖ്യത്തിൽ നിർമിച്ചിട്ടുള്ള ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് പ്രദർശന വിപണന മേള ഒരുക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കലാസാംസ്‌കാരിക പരിപാടികളിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരെ ഉൾപ്പെടുത്തുവാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം മെയ് 14ന് തൃശൂരിൽ നടക്കും.
- Log in to post comments