ഡ്രീം സിവില്‍ സ്റ്റേഷന്‍ കളക്ടേറ്റില്‍ കല്‍ പാര്‍ക്ക് ഒരുക്കി ശുചിത്വ മിഷന്‍
കളക്ടേറ്റില്‍ കല്‍ പാര്‍ക്ക് ഒരുക്കി ശുചിത്വ മിഷന്‍. ഡ്രീം സിവില്‍ സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കളക്ടറേറ്റ് പരിസരത്തെ ഉപയോഗ ശൂന്യമായ വസ്തുക്കളുപയോഗിച്ച് നിര്‍മ്മിച്ച വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരത്ത് തയ്യാറാക്കിയ സൗന്ദര്യവത്ക്കരണ കല്‍ പാര്‍ക്ക് 13 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ചതാണെന്നും ഇത് സിവില്‍ സ്റ്റേഷന്‍ സൗന്ദര്യവത്ക്കരണത്തിന്റെ ആദ്യഘട്ടമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്താദ്യമായാണ് കളക്ടറേറ്റിനകത്ത് വേസ്റ്റ് വണ്ടര്‍ പാര്‍ക്ക് തയ്യാറാക്കുന്നത്. എല്ലാ വകുപ്പുളുടെയും നേതൃത്വത്തില്‍ അതത് ഓഫീസുകള്‍ മനോഹരമാക്കണമെന്നും ഓഫീസ് മനോഹരമായി സൗന്ദര്യവത്ക്കരിക്കുന്ന വകുപ്പിന് പ്രത്യേക സമ്മാനം നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു. കല്‍ പാര്‍ക്ക് നിര്‍മ്മാണത്തില്‍ സംസ്ഥാനത്തെ സിവില്‍ സ്റ്റേഷനുകള്‍ക്ക് വയനാട് കളക്ടറേറ്റിലെ പാര്‍ക്ക് മാതൃകയാണ്.
സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുത്തിയാണ് കളക്ടറേറ്റും പരിസരവും മാലിന്യമുക്തമാക്കി കല്‍ പാര്‍ക്ക് തയ്യാറാക്കിയത്. കളക്ടറേറ്റ് പരിസരത്തെ ഉപയോഗ്യശൂന്യമായ വാഹനങ്ങള്‍, മറ്റ് വസ്തുക്കള്‍ പുനരുപയോഗിച്ചാണ് പാര്‍ക്ക് ഒരുക്കിയത്. ജില്ലയില്‍ 2010 വരെ ഉണ്ടായിരുന്ന കളക്ടര്‍മാര്‍ ഉപയോഗിച്ച ഔദ്യോഗിക വാഹനമായ അംബാസിഡര്‍ കാറില്‍ ചിത്രപ്പണികള്‍ ചെയ്ത് പാര്‍ക്കില്‍ സെല്‍ഫി പോയിന്റ്, ഇരിപ്പിടങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പാര്‍ക്കിന്റ മേല്‍നോട്ട ചുമതല ജില്ലഭരണ കൂടം നിര്‍വഹിക്കും.
- Log in to post comments