Skip to main content

ഡോ. അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് ഏര്‍പ്പെടുത്തിയ 2017 ലെ ഡോ. അംബേദ്കര്‍ മാധ്യമ  പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

അച്ചടി മാധ്യമ വിഭാഗത്തില്‍ 'മാധ്യമം' ദിനപത്രത്തിലെ കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ ഷെബിന്‍ മെഹബൂബിനാണ് പുരസ്‌കാരം. 2017 ജനുവരി 10,11,12 തീയതികളില്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച  'അറനാടന്‍: ഒരു വംശം കൂടി നാട് നീങ്ങുന്നു''എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. ശാസ്ത്രീയവും ചരിത്രപരവുമായ പഠനങ്ങളുടെ പിന്‍ബലത്തില്‍ സാംസ്‌കാരികമായും സ്വതപരവുമായി ഏറെ സവിശേഷതകളുള്ള നിലമ്പൂര്‍ മേഖലയിലെ അറനാടന്‍ ആദിമ ഗോത്ര സമൂഹം നേരിടുന്ന ഗുരുതരമായ വിഷയം വളരെ ശ്രദ്ധേയമായി അവതരിപ്പിക്കാന്‍ കഴിഞ്ഞതായി ജൂറി വിലയിരുത്തിയതായി പട്ടികജാതി-പട്ടികവര്‍ഗ -പിന്നാക്കക്ഷേമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദൃശ്യമാധ്യമ വിഭാഗത്തില്‍ കൈരളി ടി.വി. സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.രാജേന്ദ്രന്‍ ഒരുക്കിയ 'വാടാത്ത കാട്ടുപൂക്കള്‍''എന്ന ന്യൂസ് ഡോക്യുമെന്ററിയാണ് അവാര്‍ഡ് നേടിയത്. 2017 മാര്‍ച്ച് 13 ന് പീപ്പിള്‍ ടി.വി യില്‍ സംപ്രേഷണം ചെയ്ത സ്റ്റോറി പട്ടികവിഭാഗം ജനങ്ങളുടെ ജീവിതത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ വരച്ച് കാട്ടി നിലവാരത്തിലും  അവതരണത്തിലും വിഷയത്തിന്റെ തിരഞ്ഞെടുപ്പിലും മികച്ച നിലവാരം പുലര്‍ത്തിയതായി ജൂറി കണ്ടെത്തി. 

ശ്രവ്യമാധ്യമ വിഭാഗത്തില്‍ ആകാശവാണി മഞ്ചേരി നിലയത്തിലെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ഡി.പ്രദീപ് കുമാര്‍ അവാര്‍ഡിന് അര്‍ഹനായി. 2017 ജൂലൈ 23 ന് പ്രക്ഷേപണ ചെയ്ത 'ഏകസ്ഥ ഗുരുകുലങ്ങള്‍' എന്ന ന്യൂസ് ഡോക്യുമെന്ററിയാണ് അവാര്‍ഡ് നേടിയത്. കുട്ടുമ്പുഴ വനമേഖലയിലൂടെ സഞ്ചരിച്ച് ശ്രവ്യമാധ്യമത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും പരിമിതികളെ സമര്‍ത്ഥമായി അതിജീവിച്ചും വനമേഖലയില്‍ സ്ഥാപിതമായ ഏകാധ്യാപക വിദ്യാലയങ്ങളെ അനുപമമായ ശൈലിയിലും ഭംഗിയിലും വരച്ചുകാട്ടാനായതായി ജൂറി വിലയിരുത്തി.

പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ പട്ടികജാതി, വര്‍ഗ ജനവിഭാഗങ്ങളേയും അവരുടെ സാമൂഹികമായ വിവിധ വിഷയങ്ങളേയും ആസ്പദമാക്കി തയ്യാറാക്കിയിട്ടുള്ള മികച്ച വാര്‍ത്താധിഷ്ഠിതപരിപാടിക്കാണ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് അവാര്‍ഡ് നല്‍കുന്നത്. 2016 ആഗസ്റ്റ് 16നും 2017 ആഗസ്റ്റ് 15നും മധ്യേ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകളും ഫീച്ചറുകളുമാണ് പരിഗണിച്ചത്.

ദൃശ്യമാധ്യമത്തിനും അച്ചടി മാധ്യമത്തിനും 30000 രൂപ വീതവും ഫലകവും ശ്രവ്യ മാധ്യമത്തിന് 15000 രൂപയും ഫലകവുമാണ് അവാര്‍ഡ്. അടുത്ത വര്‍ഷം മുതല്‍ ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ക്ക് 50000 രൂപ വീതവും ശ്രവ്യ മാധ്യമത്തിന് 30000 രൂപയുമായി അവാര്‍ഡ് തുക നിശ്ചയിക്കണമെന്ന് അവാര്‍ഡ് നിര്‍ണയസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി. വിനോദ് അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ പ്രഭാവര്‍മ്മ, ആര്‍.എസ്. ബാബു, ജി.പി.രാമചന്ദ്രന്‍, ഡോ. പി.കെ രാജശേഖരന്‍ എന്നിവര്‍ അംഗങ്ങളായിരുന്നു, മൊത്തം 29 എന്‍ട്രികളാണ് ലഭിച്ചത്.

ഡിസംബര്‍ ആറിന് രാവിലെ 11 ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ സിംഫണി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ, സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

പി.എന്‍.എക്‌സ്.5101/17

date