ഹരിത മുന്നേറ്റം, അതിദാരിദ്ര്യമുക്തം; കുതിച്ച് കതിരൂർ ഗ്രാമപഞ്ചയത്ത്
കതിരൂർ ഗ്രാമപഞ്ചയത്ത് മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത പഞ്ചായത്തായും നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പ്രഖ്യാപിച്ചു. എല്ലാവരെയും ചേർത്ത് പിടിക്കാനുള്ള മനസാണ് മലയാളിയെ വ്യത്യസ്തരാക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. എല്ലാ സൂചികയിലും കേരളം രാജ്യത്ത് മാതൃകയായത് പോലെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായും കേരളം മാതൃകയാവുകയാണെന്നും സ്പീക്കർ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിൽ നടത്തിയ മാതൃകാ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് കതിരൂർ പഞ്ചായത്തിനെ ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ചത്. പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങളെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഹരിത മിത്രം ആപ്പ് ഉപയോഗിച്ചാണ് സേവനം നടത്തിവരുന്നത്.
പഞ്ചായത്തിൽ 26 ഹരിത കർമ്മ സേന അംഗങ്ങളും രണ്ട് റോഡ് സ്വീപ്പർമാരുമാണ് പ്രവർത്തിക്കുന്നത്.
പഞ്ചായത്തിൽ അഞ്ച് ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തിയാക്കിയ തുമ്പൂർമുഴി പ്രവർത്തിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ 50 ബിന്നുകൾ, കച്ചവട സ്ഥാപനങ്ങളിൽ 150 ബിന്നുകൾ, ഒരു എം സി എഫ് കെട്ടിടം, ഒരു ആർ ആർ എഫ്, 36 മിനി എം സി എഫ്, 38 ബോട്ടിൽ ബൂത്തുകൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പഞ്ചായത്തിൽ 1500 വീടുകളെ ഹരിതഭവനങ്ങളായും, 12 വിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായും പ്രഖ്യാപിച്ചു. 212 ഹരിത അയൽക്കൂട്ടങ്ങളെയും 13 ഹരിത സ്ഥാപനങ്ങളെയും, 32 ഹരിത അംഗൻവാടികളെയും പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പൊന്ന്യം സെറാമ്പി, പൊന്ന്യം പാലം, സി എച്ച് നഗർ എന്നി ടൗ
ണുകളെ ഹരിത ടൗണുകളായും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളിൽ ശുചിത്വ ശീലം വളർത്തിയെടുക്കുന്ന ശുചിത്വ സമ്പാദ്യ പദ്ധതി, കുട്ടികളുടെ ഹരിത സഭ, മെഗാ ക്ലീനിങ്, ഹരിത വീഥി സർട്ടിഫിക്കറ്റ് വിതരണം, റൺ ക്ലീൻ റൺ തുടങ്ങി നിരവധിയായ ക്യാമ്പയിനുകൾ നടത്തി.മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പഞ്ചായത്ത് തല എൻഫോഴ്സ്മെന്റ് രൂപീകരിച്ച് മുഴുവൻ വാർഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും പരിശോധന നടത്തി. 2024 ഒക്ടോബർ രണ്ട് മുതൽ 166 പരിശോധനയിൽ 18 പേർക്ക് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനത്തിന് നോട്ടീസ് നൽകുകയും 13 പേരിൽനിന്ന് 48,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അതിദാരിദ്ര്യരെ കണ്ടെത്തുന്നതിനും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും മൈക്രോപ്ലാൻ ആവിഷ്‌കരിച്ചാണ് അതിദാരിദ്ര്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിച്ചത്. കതിരൂർ പഞ്ചായത്തിലെ 38 കുടുംബങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അഞ്ച് പേർക്ക് വീട് പുനരുദ്ധാരണം, മൂന്ന് പേർക്ക് ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ഭവനം നിർമണം, 30 പേർക്ക് എല്ലാമാസവും ഭക്ഷ്യകിറ്റ് വിതരണം,15 പേർക്ക് മെഡിക്കൽ ഓഫീസർ മുഖേന ആവശ്യമായ ചികിത്സ, മരുന്ന്, തുടങ്ങിയ സേവനങ്ങൾ നൽകി.
കതിരൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ കതിരൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് പി.പി സനിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സനില പി രാജ്, പഞ്ചായത്ത് സ്ഥിര സമിതി അംഗം പി.കെ സാവിത്രി, സെക്രട്ടറി മഞ്ജുഷ, പൊന്ന്യം കൃഷ്ണൻ, കെ വി പവിത്രൻ, കെ വി രജീഷ്, പി വി സനൽകുമാർ, ചെറിയാണ്ടി ബഷീർ
തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി ശുചിത്വ വിളംബര ജാഥയും നടന്നു.
- Log in to post comments