*ദിശ യോഗം
*ദിശ യോഗം: കേന്ദ്രസഹായം കിട്ടാനുള്ള പദ്ധതികളിൽ ഇടപെട്ട് ഫണ്ട് ലഭ്യമാക്കുമെന്ന് പ്രിയങ്ക ഗാന്ധി എംപി*
*-വനം വകുപ്പിന്റെ ആർആർടിയ്ക്ക് വാഹനങ്ങൾ വാങ്ങാൻ 1.34 കോടിയും ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കാൻ 2.92 കോടിയും എംപി ലഭ്യമാക്കി*
*-പിഎംജെകെവൈ പദ്ധതിയിൽ വയനാട് സംസ്ഥാനത്ത് ഒന്നാമത്*
വയനാട് ജില്ലയിൽ ആരോഗ്യം, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, കൃഷി, വിവിധ കേന്ദ്ര പദ്ധതികൾ എന്നിവയിൽ കിട്ടാനുള്ള
കേന്ദ്രഫണ്ട് ലഭ്യമാക്കാൻ കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി.
വയനാട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ദിശ (ഡിസ്ട്രിക്റ്റ് ലെവൽ കോർഡിനേഷൻ & മോണിറ്ററിംഗ് കമ്മിറ്റി) യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
പ്രിയങ്ക ഗാന്ധി എംപി ആയശേഷമുള്ള ആദ്യത്തെ ദിശ യോഗമാണ് ശനിയാഴ്ച നടന്നത്.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്നും എംപി പറഞ്ഞു.
ദേശീയ ആരോഗ്യ പദ്ധതിയിൽ 99.91%
പദ്ധതി തുക വിനിയോഗിച്ച
ജില്ലയിലെ ഏക വകുപ്പാണ് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന് കേന്ദ്രഫണ്ട് ഇനത്തിൽ 11.9 കോടി രൂപ കിട്ടാനുണ്ട്.
കാർഡിയോളജി ഒഴികെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ സൗകര്യവും ജില്ലയിൽ ഇല്ലാത്ത പ്രശ്നവും എംപിയുടെ മുന്നാകെ ഉന്നയിച്ചു.
പിഎം-ജൻമൻ പദ്ധതിയിൽ ഒരു മാസമായി കേന്ദ്രഫണ്ട്
കിട്ടുന്നില്ലെന്ന്
ഉദ്യോഗസ്ഥർ അറിയിച്ചു.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ
20 കോടി രൂപ കേന്ദ്രം തരാനുണ്ട്.
ജില്ലയിൽ 46 ലക്ഷത്തിൽപ്പരം തൊഴിൽദിനങ്ങൾ ലക്ഷ്യമിട്ടതിൽ 43 ലക്ഷത്തിൽ കൂടുതൽ തൊഴിൽദിനങ്ങൾ ങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. പദ്ധതിയിൽ 205 കോടി രൂപ ചെലവഴിച്ചത് വയനാട് ജില്ലയിലെ റെക്കോർഡാണ്. തൊഴിലുറപ്പ് പദ്ധതിയിൽ
ആദിവാസി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ട്രൈബൽ പ്ലസ് പദ്ധതിയിൽ സംസ്ഥാന സർക്കാറും തുക കുടിശ്ശിക വരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസമേഖലയിൽ
എസ്എസ്കെ-യുടെ കീഴിൽ വരുന്ന
കായിക പദ്ധതികളിൽ കേന്ദ്ര, സംസ്ഥാന വിഹിതം ലഭ്യമായിട്ടില്ല.
ഇക്കാര്യത്തിലും ഇടപെടാമെന്ന് എംപി ഉറപ്പുനൽകി.
കാർഷികമേഖലയിൽ
കർഷകർക്കുള്ള നഷ്ടപരിഹാരം തീരെ അപര്യാപ്തമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഹെക്ടറിന് വെറും 4500 രൂപ വെച്ചാണ് നഷ്ടപരിഹാരം നൽകുന്നത്. നഷ്ടപരിഹാരത്തുക കൂട്ടികിട്ടാൻ സജീവ ഇടപെടൽ ഉണ്ടാകുമെന്ന് എം പി പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ, ഉച്ചഭക്ഷണം, ഭവന നിർമ്മാണ മേഖലകളിൽ ആദിവാസി ജനതയുടെ സ്ഥിതി പ്രിയങ്കാഗാന്ധി എംപി പ്രത്യേകമായി അന്വേഷിച്ചു.
അമിത മദ്യപാനം, പോഷകാഹാരക്കുറവ്,
ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ഭാരക്കുറവ് എന്നിവയും ചർച്ചാവിഷയമായി.
സ്കൂളുകളിൽ നിന്ന്
ആദിവാസി വിദ്യാർത്ഥികൾ സ്ഥിരമായി കൊഴിഞ്ഞു പോകുന്നില്ലെങ്കിലും ഇടയ്ക്കിടെ ക്ലാസ്സ് മുടക്കുന്ന
അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. എൽപി, യുപി സ്കൂളുകളിലേത് പോലെ എല്ലാ സ്കൂളുകളിലും അംഗനവാടികളിലും പ്രഭാതഭക്ഷണം ലഭ്യമാക്കിയാൽ ഇത് പരിധി വരെ തടയാം. ഭക്ഷണം പാകം ചെയ്ത് മാത്രം കഴിക്കുന്ന രീതി ആദിവാസികൾക്കിടയിൽ വ്യാപകമാക്കിയാൽ പോഷകാഹാരക്കുറവ് നിയന്ത്രിക്കാൻ സാധിക്കും. നിലവിൽ ഫുഡ് സപ്പ്ളിമെന്റുകളും ഫോളിക് ആസിഡ് ഗുളികകളും വിതരണം ചെയ്തു വരുന്നു.
ആസ്പിറേഷനൽ ഡിസ്ട്രിക്റ്റ് പദ്ധതിയിൽ 2024 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് 16ാം സ്ഥാനം നേടിയ വയനാട് ജില്ലയെ എംപി അഭിനന്ദിച്ചു.
സെൻട്രൽ റോഡ് ഫണ്ട് പദ്ധതിയിലെ ഏഴ് പ്രവർത്തികളിൽ ഒന്നുമാത്രമാണ് 100% പൂർത്തിയായത്.
ബേഗൂർ-തിരുനെല്ലി റോഡ് പണി മൂന്നുമാസത്തിനകം പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പിഎംയുവൈ പദ്ധതിയ്ക്ക് കീഴിൽ ജില്ലയിൽ 1641പുതിയ ഗ്യാസ് കണക്ഷനുകൾ നൽകി.
ആർകെവിവൈ പദ്ധതിയിൽ
47.1 കിലോമീറ്റർ
സോളാർ ഹാങ്ങിങ് ഫെൻസിങ് നടത്താൻ തീരുമാനിച്ചതിൽ 10.1 കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്. സൗത്ത് വയനാട് ഡിവിഷനിൽ ഒരു കിലോമീറ്ററിൽ പോലും പദ്ധതി പൂർത്തിയായിട്ടില്ല.
ജൽ ജീവൻ മിഷൻ പദ്ധതി വന്നശേഷം ജില്ലയിൽ 29,019 പുതിയ ടാപ്പ് കണക്ഷനുകൾ കൊടുത്തു.
പിഎംജെകെവൈ
പദ്ധതിയിലെ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കി വയനാട് സംസ്ഥാനത്ത്
ഒന്നാമത്തെത്തി.
മുണ്ടക്കൈ-ചൂരൽമല
ദുരന്തത്തിൽ
തകർന്ന
എൽപി സ്കൂൾ നിർമ്മിക്കാനായി ഭൂമി കണ്ടെത്തിയതായി ജില്ലാ കലക്ടർ എംപിയെ അറിയിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നിർമ്മിക്കാനായി 4.5 ഏക്കർ ഭൂമി വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
ദുരന്തത്തിൽ അച്ഛനും അമ്മയും നഷ്ടമായ ഏഴ് കുട്ടികളാണുള്ളത്.
ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് 10 ലക്ഷം രൂപയും മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ടവർക്ക് 5 ലക്ഷം രൂപയും സംസ്ഥാന സർക്കാർ നീക്കി വെച്ചിട്ടുണ്ട്. ഒരു കുട്ടിയ്ക്ക് പ്രതിമാസം 4000 രൂപ കേന്ദ്ര പദ്ധതി പ്രകാരവും നൽകുന്നു.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് ദിവസം 300 രൂപ വീതം
ആദ്യത്തെ മൂന്നുമാസം നൽകിയ നടപടി ആറു മാസം കൂടി
സംസ്ഥാന സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ടെന്നും ഉത്തരവിനായി കാക്കുകയാണെന്നും കലക്ടർ അറിയിച്ചു.
ടൗൺഷിപ്പ് പദ്ധതിയിൽ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹരെ കൂടി പരിഗണിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
ദുരന്തബാധിതരുടെ ലോണുകൾ എഴുതിത്തള്ളുന്ന കാര്യത്തിൽ ദേശസാൽകൃത ബാങ്കുകൾ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല.
എന്നാൽ, സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ബാങ്ക് 30 കോടിയോളം രൂപ എഴുതിത്തള്ളി.
പോക്സോ അതിജീവിതർക്കുള്ള പുതിയ വീട് കണിയാമ്പറ്റയിൽ അടുത്തമാസം ഉദ്ഘാടനം ചെയ്യും.
വയനാട് ലോക്സഭ മണ്ഡലത്തിലേക്ക് വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിന് (ആആർടി) വാഹനങ്ങൾ വാങ്ങാൻ 1.34 കോടി രൂപയും ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കാൻ 2.92 കോടി രൂപയും സ്പോൺസർഷിപ്പ് വഴി ലഭ്യമാക്കിയതായി പ്രിയങ്ക ഗാന്ധി എംപി അറിയിച്ചു.
യോഗത്തിൽ എംഎൽഎമാരായ ടി സിദ്ധിക്ക്, ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
- Log in to post comments