*എന്റെ കേരളം പ്രദര്‍ശന-വിപണന മേള* *കല്‍പ്പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടില്‍*
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രില്‍ 22 മുതല്‍ 28 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഏപ്രില്‍ 22 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റേറിയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല യോഗവും നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 പേരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കും. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ലക്ഷ്യം. കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ കഴിയണമെന്നും ജില്ലയില്‍ വിവിധ മേഖലകളിലുണ്ടായ വികസന പുരോഗതി മേളയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക, കായിക, കലാ, വിവരസാങ്കേതിക രംഗത്തെ വിവിധ വികസനങ്ങള്‍, കുട്ടികള്‍ക്കായുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, ജനങ്ങളുടെ അഭിരുചി അനുസരിച്ചുള്ള കലാപരിപാടികള്‍, ഭക്ഷ്യമേള എന്നിവ പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കും. പ്രദര്‍ശന മേളയുടെ ഭാഗമായി 100 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. വിവിധ വകുപ്പുകള്‍ക്കായി 50 സ്റ്റാളുകളും വിപണന വിഭാഗത്തിനായി 50 സ്റ്റാളുകളും ഒരുക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ചെയര്‍മാനും ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ജനറല്‍ കണ്‍വീനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു കണ്‍വീനറും ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍, എ.ഡി.എം, സബ് കളക്ടര്‍, ജില്ലാ പോലീസ് മേധാവി, വിവിധ വകുപ്പ് ജില്ലാ മേധാവികള്‍ കമ്മിറ്റി അംഗങ്ങളായാണ് സംഘാടക സമിതി രൂപീകരിച്ചത്. പ്രദര്‍ശന-വിപണന മേളയുടെ നടത്തിപ്പിനായി സ്റ്റാള്‍ അലോട്ട്‌മെന്റ്, പബ്ലിസിറ്റി, സാനിറ്റേഷന്‍, ലോ ആന്‍ഡ് ഓര്‍ഡര്‍-സെക്യൂരിറ്റി ട്രാഫിക്, കള്‍ച്ചറല്‍ പ്രോഗ്രാം, മെഡിക്കല്‍, റിസപ്ഷന്‍, ഫുഡ് കോര്‍ട്ട് ആന്‍ഡ് ഫുഡ് സേഫ്റ്റി, സ്റ്റേജ്, പുസ്തകമേള തുടങ്ങിയ 10 ഉപ കമ്മിറ്റികളും രൂപീകരിച്ചു. എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
- Log in to post comments