പച്ചക്കറി കൃഷിക്കാരെ കൃഷി മന്ത്രി ആദരിച്ചു
കൃഷി വകുപ്പുമായി സഹകരിച്ച് വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്‌സിന്റെ 45-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏറ്റെടുത്ത എന്റെ ഗ്രാമം പച്ചക്കറി ഗ്രാമം പദ്ധതിയുടെ ഭാഗമായി മികച്ച പച്ചക്കറി കൃഷിക്കാര്‍ക്കുള്ള ആദര സമ്മേളനം കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ വിശപ്പിന് വന്‍കിട കോര്‍പറേറ്റുകള്‍ വിലയിടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്മാര്‍ട് ഫാമിങ്ങ് അവലംബിക്കുന്നതോടൊപ്പം കര്‍ഷകരെക്കൂടി കൂടുതല്‍ ചേര്‍ത്തുനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ പച്ചക്കറി സ്റ്റാളും മില്ലറ്റ് ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഒരുക്കിയിരുന്നു. സംഘാടകസമിതി ചെയര്‍മാന്‍ വി. നാരായണന്‍ അധ്യക്ഷനായി. മുന്‍ എം എൽ എ സി.കൃഷ്ണന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ വി.കെ.കൃഷ്ണന്‍, കൃഷി ഓഫീസര്‍മാരായ കെ.പി.ജ്യോതി, ഷീന, പി.വി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സെന്‍ട്രല്‍ ആര്‍ട്‌സ് വനിതാവേദിയുടെ ജീവിതം തന്നെ ലഹരി എന്ന സംഗീത ശില്‍പവും സനേഷ് വരീക്കര, അനില്‍കുമാര്‍ പെരളം എന്നിവര്‍ അവതരിപ്പിച്ച നാടന്‍പാട്ടും അരങ്ങേറി.
- Log in to post comments