Skip to main content

ഡോ. അംബേദ്കര്‍ സ്‌കൂള്‍: സര്‍ക്കാര്‍ അനുമതിക്കായി ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ

#ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകി#

ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന സ്പെഷ്യല്‍ സിറ്റിംഗില്‍ ചെയര്‍മാന്‍ എ.എ റഷീദാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി രൂപീകരിച്ച പത്തനംതിട്ട ജില്ലയിലെ ഗൗതമ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അധീനതയിലുള്ളതാണ് ഡോ. അംബേദ്കര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ.

2006 മുതല്‍ 2019 വരെ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍, കോവിഡ് മഹാമാരിയെ തുടര്‍ന്ന് കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ അധ്യയനം നിലയ്ക്കുകയായിരുന്നു.  2024-25 അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുകയും സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷ നിരസിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ട്രസ്റ്റ് അധികൃതര്‍ കമ്മീഷനെ സമീപിച്ചത്.

പരാതി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, വകുപ്പ് ഡയറക്ടര്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം, സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ പ്രവര്‍ത്തനാനുമതി നല്‍കാമെന്ന് സിറ്റിംഗില്‍ ഹാജരായ പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയിന്മേലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.

date