Skip to main content

കുടുംബശ്രീ പ്രീമിയം കഫെ റസ്റ്റോറൻറ് ഉദ്ഘാടനം ആറിന്

കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി ആരംഭിക്കുന്ന പ്രീമിയം കഫെ റസ്റ്റോറൻറ് ഏപ്രിൽ ആറിന് വൈകുന്നേരം നാലിന് കായിക വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിക്കും.
കോട്ടക്കൽ ബസ്റ്റാൻ ഡിന്റെ പുറകുവശത്താണ് പ്രീമിയം കഫെ പ്രവർത്തനമാരംഭിക്കുന്നത്. പാഴ്‌സൽ സർവീസ്, ടേക്ക് എവേ കൗണ്ടറുകൾ, ജ്യൂസ് കൗണ്ടർ, കാത്തിരിപ്പ് കേന്ദ്രം, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, മാലിന്യ സംസ്‌കരണ ഉപാധികൾ, പാർക്കിംഗ് സൗകര്യം, ശുചി മുറികൾ, നാപ്കിൻ മെഷീൻ തുടങ്ങിയ വിപുലമായ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച് ആരംഭിക്കുന്ന പ്രീമിയം റസ്റ്റോറന്റിൽ കേരളീയ വിഭവങ്ങളും അറബിക്,ചൈനീസ് വിഭവങ്ങളും ഒപ്പം തന്നെ മലപ്പുറത്തിന്റെ തനതു രുചിക്കൂട്ടുകളും ഉണ്ടാകും.
പ്രീമിയം കഫേ നടത്തിപ്പിന് കുടുംബശ്രീ ജില്ലാ മിഷൻ ക്ഷണിച്ച താൽപര്യ പത്രത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം നഗരസഭ, സി.ഡി.എസ് - 2 ലെ ഷരീഫ എന്ന സംരംഭകയാണ് കഫെ ആരംഭിക്കുന്നത്. ജീവനക്കാരായി കുടുംബശ്രീ അംഗങ്ങളായ 13 പേരെയും തിരഞ്ഞെടുത്തിട്ടുണ്ട്. പ്രവർത്തനത്തിന് കുടുംബശ്രീ ജില്ലാ മിഷനും മേൽനോട്ടം വഹിക്കും.
ഒരേസമയം 65 പേർക്ക് സുഖമായി ഭക്ഷണം കഴിക്കാൻ സാധിക്കുന്ന എ.സി നോൺ എ.സി സൗകര്യങ്ങളോടുകൂടിയായിരിക്കും പ്രവർത്തനം. മൊത്തം 85 ലക്ഷത്തിലേറെ വന്ന പദ്ധതി ചെലവിലേക്ക് 16 ലക്ഷം രൂപയാണ് കുടുംബശ്രീ വകയിരുത്തിയത്. പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ അഞ്ചു നിയോജകമണ്ഡലങ്ങളിൽ കൂടി കുടുംബശ്രീ പ്രീമിയം കഫെ ആരംഭിക്കും. ഇതിനെ അനുയോജ്യമായ സ്ഥലം, സംരംഭക എന്നിവ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

date