Skip to main content

മഴക്കാലപൂർവ്വ ശുചീകരണം : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗം ചേർന്നു

ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ  ചേർന്നു.  എലിപ്പനി, ചെള്ള് പനി, ഡെങ്കിപ്പനി  തുടങ്ങിയവ പ്രതിരോധിക്കാൻ വിവിധ വകുപ്പുകൾ  നടപ്പിലാക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങളാണ്  ജില്ലാ ഡിസീസ് സർവൈലൻസ് കമ്മിറ്റി നടത്തിയ യോഗത്തിൽ ചർച്ച ചെയ്തത്.

വിദ്യാലയങ്ങളും പരിസരങ്ങളും കൊതുക് മുക്തമാക്കുക, സ്‌കൂളുകളിലും വീടുകളിലും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുക, കൃഷി സ്ഥലത്ത് കൊതുക് വർധന ഇല്ലാതാക്കുക,  മൃഗങ്ങൾക്ക് കൃത്യമായി കുത്തിവയ്പ്പ് നൽകുക, ഓടകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും  ജീവനക്കാരുടെ ശുചിത്വം സംബന്ധിച്ചും പ്രത്യേകം പരിശോധന നടത്തും.
 കൊതുകിന്റെ വളർച്ചക്ക് കാരണമാകുന്ന പൊതു ഇടങ്ങൾ,  മലിനമായി കിടക്കുന്ന  തോടുകൾ, കുളങ്ങൾ ശുചീകരിക്കുന്നതോടൊപ്പം ജലസ്രോതസ്സുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും വേണ്ട നടപടികൾ അതാത് വകുപ്പുകൾ കൈക്കൊള്ളാനും നിർദേശിച്ചു.  

എ ഡി എം ബീന പി ആനന്ദ്, ഡി എം ഒ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ഡി എം ഒ ഡോ. അനിൽകുമാർ, അഡിഷണൽ ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ സർവ്വൈലൻസ് ഓഫീസറുമായ ഡോ. ഉണ്ണീ കൃഷ്ണൻ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date