Skip to main content

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് ഓട്ടിസം അവബോധദിനം

ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഗാനം ആലപിച്ചുകൊണ്ട് കലാവിസ്മയങ്ങൾക്ക് തുടക്കമിട്ടു. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം വിവിധ ഗാനങ്ങൾ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു.
 
ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കി.

ഡിഫറന്റ് ആര്‍ട് സെന്ററിലെ പ്രതിഭാധനരായ ഭിന്നശേഷിക്കാര്‍ നാടിന്റെ സമ്പത്താണെന്ന് മന്ത്രി പറഞ്ഞു. മാനുഷികതയുടെ ജീവിതം പഠിക്കാന്‍ ഏറ്റവും ഉചിതമായൊരിടം ഡിഫറന്റ് ആര്‍ട് സെന്ററാണെന്നും കലയും കലാകാരനുമൊക്കെ ജാതിമത ചിന്തകള്‍ക്കുമപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രതാരം മോഹന്‍ അയിരൂര്‍, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ എന്നിവർ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ രൂപീകരിച്ച ഡി.ബാന്‍ഡിന്റെ പ്രകടനവും അരങ്ങേറി.

date