ഹരിതം, അതിദാരിദ്ര്യമുക്തം; മുന്നേറ്റത്തിന്റെ പാതയില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഹരിത പഞ്ചായത്തായും അതിദാരിദ്ര്യമുക്ത ബ്ലോക്ക് പഞ്ചായത്തായും രജിസ്ട്രേഷന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പ്രഖ്യാപിച്ചു. നവകേരള സൃഷ്ടിക്കായി മാലിന്യമുക്ത സമൂഹം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ സാധിക്കണമെന്നും അതിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക്പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍, മികച്ച സ്ഥാപനങ്ങള്‍, ടൗണുകള്‍ എന്നിവയ്ക്കുള്ള പുരസ്കാര വിതരണവും മന്ത്രി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായും 36 ടൗണുകള്‍ ഹരിത ടൗണുകളായും 1549 അയല്‍ക്കൂട്ടങ്ങളെ ഹരിത അയല്‍ക്കൂട്ടങ്ങളായും 213 സ്ഥാപനങ്ങളെ ഹരിത സ്ഥാപനങ്ങളായും 183 അങ്കണവാടികളെ ഹരിത അങ്കണവാടികളായും 22 ഇടങ്ങളെ ഹരിത പൊതു ഇടങ്ങളായും 14 കലാലയങ്ങളെ ഹരിത കലാലയങ്ങള്‍ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആറ് പച്ച തുരുത്തുകളുണ്ട്. ഏഴ് എം സി എഫ്, 182 മിനി എം സി എഫ്, 248 ബോട്ടില്‍ ബൂത്തുകള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ബ്ലോക്കിലുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 141 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. ഈ കുടുംബങ്ങളിലെ 239 വ്യക്തികള്‍ക്ക് പാര്‍പ്പിടം, ഭൂമി, ആവശ്യമായ ചികിത്സ, ഭക്ഷണം, മരുന്ന്, വീട് അറ്റകുറ്റ പണികള്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കിയുമാണ് അതിദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചത്. 76 പേര്‍ക്ക് ഭക്ഷണം, 98 പേര്‍ക്ക് ആരോഗ്യം, 12 പേര്‍ക്ക് വീട്, മൂന്ന് പേര്‍ക്ക് വീടും സ്ഥലവും, 28 പേര്‍ക്ക് വീട് അറ്റകുറ്റപണികള്‍ എന്നിവയാണ് ചെയ്തു നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം കൊങ്കി രവീന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര് വസന്തന്, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷന്, ധര്‍മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്ത്തു, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ.ടി ഫര്‍സാന, രജിത പ്രദീപ്, കെ.ഡി മഞ്ജുഷ, ബ്ലോക്ക് ജോയിന്റ് ഡെവലപ്മെന്റ് ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments