Skip to main content

സമ്പൂർണ്ണ മാലിന്യമുക്ത ജില്ല: മികച്ച പ്രകടനം നടത്തിയ തദ്ദേശസ്ഥാപനങ്ങളെയും വകുപ്പുകളെയും ആദരിച്ചു

 

മാലിന്യമുക്ത നവകേരളം ജനകീയ  കാമ്പയിന്റെ ഭാഗമായി മാലിന്യമുക്ത പദ്ധതികളിൽ മികച്ച പ്രകടനം നടത്തിയ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെയും വിവിധ വകുപ്പുകളെയും ആദരിച്ചു. ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിലെ കണ്ണങ്കര സെന്റ്. സേവ്യഴ്സ് പള്ളി ഓഡിറ്റോറിയത്തിൽ ആലപ്പുഴയെ സമ്പൂർണ്ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ച ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് തദ്ദേശസ്ഥാപനങ്ങളെയും വകുപ്പുകളെയും ആദരിച്ചത്.

 

ചേർത്തല മണ്ഡലത്തിൽ ശുചിമുറി  മാലിന്യ സംസ്കരണ പ്ലാന്റ്  യാഥാർത്ഥ്യമാകുന്നതിന് പങ്കുവഹിച്ച ചേർത്തല നഗരസഭ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചടങ്ങിൽ ആദരിച്ചു. ഏറ്റവും മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനമുള്ള തദ്ദേശസ്ഥാപനമായി ആലപ്പുഴ നഗരസഭയും, ഹരിത വിദ്യാലയം പദവിയിൽ മികച്ച തദ്ദേശസ്ഥാപനങ്ങളായി മാവേലിക്കര നഗരസഭ, താമരക്കുളം ഗ്രാമപഞ്ചായത്ത് എന്നിവയും തെരഞ്ഞെടുത്തു. ഹരിത കലാലയ പദവിയിൽ മികച്ച തദ്ദേശസ്ഥാപനമായി ചെങ്ങന്നൂർ നഗരസഭ, ഏറ്റവും മികച്ച ഹരിത സ്വകാര്യസ്ഥാപനമായി പുന്നപ്ര മാർ ഗ്രിഗോറിയസ് ഇൻസ്റ്റിറ്റ്യൂഷൻ, മികച്ച ഹരിത വിദ്യാലയമായി എസ്.എൻ. ട്രസ്റ്റ് എച്ച്.എസ്.എസ്. കണിച്ചുകുളങ്ങര, ഗവ.എച്ച്.എസ്. മണ്ണഞ്ചേരി, മികച്ച ഹരിത കോളേജായി മാവേലിക്കര ബിഷപ്പ്മൂർ കോളേജ് എന്നിവ തെരഞ്ഞെടുത്തു.

 

ജില്ലയിലെ ഏറ്റവും മികച്ച ഹരിത ടൗൺ ആയി ചേർത്തല നഗരസഭ, മുളക്കുഴ പഞ്ചായത്ത്, എടത്വ പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങളെയും ഹരിത ടൗൺ പദവിയിൽ മികച്ച തദ്ദേശസ്ഥാപനമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനെയും തെരഞ്ഞെടുത്തു. മികച്ച എൻഎസ്എസ് ആയി ഗവ. ഐടിഐ ചെങ്ങന്നൂർ, മികച്ച ഹരിത ടൂറിസം കേന്ദ്രമായി താമരക്കുളം ഗ്രാമപഞ്ചായത്തിലെ വയ്യാങ്കരച്ചിറ, മികച്ച വാതിൽ പടിശേഖരണം ഉള്ള തദ്ദേശസ്ഥാപനമായി മുട്ടാർ ഗ്രാമപഞ്ചായത്ത്, ഗാർഹിക ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധികൾ ഉള്ള തദ്ദേശസ്ഥാപനങ്ങളായി  ചേർത്തല നഗരസഭ, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് എന്നിവയും തെരഞ്ഞെടുത്തു. ഹരിത സ്ഥാപന പദവിയിൽ ഏറ്റവും മികച്ച തദ്ദേശസ്ഥാപനമായി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്, കായംകുളം നഗരസഭ, എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ മികച്ച സ്ഥാപനമായി മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്, ഹരിത പൊതുസ്ഥല പദവി മികച്ച തദ്ദേശസ്ഥാപനമായി മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത്, മികച്ച സിഡിഎസ് ആയി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്,  മികച്ച ഹരിതകർമ്മസേന കൺസോർഷ്യമായി ചിങ്ങോലി ഗ്രാമപഞ്ചായത്ത് എന്നിവയും തെരഞ്ഞെടുത്തു. മുഴുവൻ വാർഡുകളിലും മൂന്ന് വീതം മിനി എംസിഎഫ് സ്ഥാപിച്ച തദ്ദേശസ്ഥാപനമായ കോടംതുരുത്ത്   ഗ്രാമപഞ്ചായത്ത്, ഏറ്റവും മികച്ച എംസിഎഫ് ഉള്ള പത്തിയൂർ ഗ്രാമപഞ്ചായത്ത്, ഏറ്റവും മികച്ച ആർ.ആർ.എഫ്. ഉള്ള പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി പുന്നപ്ര തെക്ക്, ഏറ്റവും മികച്ച നഗരസഭയായി ആലപ്പുഴ നഗരസഭ, ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്  തുടങ്ങിയ സ്ഥാപനങ്ങളെയും പരിപാടിയിൽ ആദരിച്ചു.

 

(പി.ആര്‍/എ.എല്‍.പി/1040)

date