Skip to main content
മാലിന്യമുക്ത നവകേരളം കണ്ണൂർ ജില്ലാതല പ്രഖ്യാപനം  രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിക്കുന്നു

കണ്ണൂര്‍ സമ്പൂര്‍ണ മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിച്ചു

കണ്ണൂരിന്റെ വികസന മുന്നേറ്റങ്ങള്‍ക്ക് പൊന്‍കിരീടമായി സമ്പൂര്‍ണ മാലിന്യമുക്ത ജില്ലാ പദവി. മാലിന്യമുക്ത നവകേരളം കണ്ണൂര്‍ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളില്‍ രജിസ്ട്രേഷന്‍, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ നടത്തിവരുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണമാണ് നടന്നത്. മാലിന്യമുക്ത സമൂഹം സൃഷ്ടിക്കുന്നതില്‍ വിപ്ലവകരമായ ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതില്‍ കണ്ണൂര്‍ ജില്ല മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും അതിന്റെ ഫലമായാണ് സമ്പൂര്‍ണ മാലിന്യമുക്ത ജില്ലാ പദവി എന്ന നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ആധുനിക നവകേരള സൃഷ്ടിക്ക് ശുചിത്വബോധമുള്ള സമൂഹം അനിവാര്യമാണെന്നും ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം സാധ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയായി.

മാലിന്യ സംസ്‌കരണ രംഗത്ത് മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചതിന് കണ്ണൂര്‍ ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരിക്ക് നല്‍കി. മാലിന്യമുക്തം നവകേരളം പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്തങ്ങളായ മാതൃകകള്‍ സൃഷ്ടിച്ച കതിരൂര്‍, പെരളശ്ശേരി, പായം, ചപ്പാരപ്പടവ്, കണ്ണപുരം, പയ്യന്നൂര്‍, കുഞ്ഞിമംഗലം, കുറ്റിയാട്ടൂര്‍, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും സെന്‍ട്രല്‍ ജയിലിന്റെയും വീഡിയോ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാതല പുരസ്‌കാരങ്ങള്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി വിതരണം ചെയ്തു. തുടര്‍ന്ന് കതിരൂര്‍ പുല്യോട് വെസ്റ്റ് എല്‍പി സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച മിനി സ്‌കിറ്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച സംഗീതശില്‍പം എന്നിവ അരങ്ങേറി.

കെ.വി സുമേഷ് എംഎല്‍എ മുഖ്യാതിഥിയായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ നിനോജ് മേപ്പടിയത് പ്രതിജ്ഞ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. ടി സരള, എന്‍.വി ശ്രീജിനി, വി.കെ സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സി.എം കൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം. ശ്രീധരന്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date