ശുചിത്വ മുന്നേറ്റത്തിന്റെ കണ്ണായി കണ്ണൂര്‍
ജില്ലയില്‍ വ്യത്യസ്തങ്ങളായ തനത് പ്രവര്‍ത്തനങ്ങള്‍ മാലിന്യ സംസ്‌കരണ രംഗത്ത് നടപ്പിലാക്കി. നിരന്തര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പൊതുജന പങ്കാളിത്തത്തോടെയുള്ള ശുചീകരണ യജ്ഞങ്ങള്‍, മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനുമായുള്ള കുറ്റമറ്റ സംവിധാനങ്ങള്‍ ഒരുക്കല്‍, എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍, ഹരിത നിയമപാഠശാലകള്‍ തുടങ്ങിയ ക്യാമ്പയിനുകള്‍, ജില്ലാ പഞ്ചായത്തിന്റെയും വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജില്ലയിലുടനീളം ശുചിത്വ സന്ദേശ യാത്രകള്‍, ഹരിത കര്‍മ സേനയോട് സഹകരിക്കാത്ത കച്ചവട വ്യാപാര സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി നേരിട്ട് കണ്ട് ബോധവല്‍ക്കരണം നടത്തി. വാതില്‍പടി ശേഖരണത്തില്‍ സഹകരിക്കാത്ത വീടുകള്‍ക്ക് നോട്ടീസ് നല്‍കുകയും തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ക്ക് ഹരിത കര്‍മ സേന യൂസര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുകയും ചെയ്തു. ഹരിത കര്‍മ സേനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് 'ഭൂമിയുടെ കാവല്‍ക്കാര്‍', പെരളശ്ശേരി ഗ്രാമപഞ്ചായത്ത് 'പച്ചപ്പ്' സംഗീത നൃത്തശില്‍പം, ചെറുതാഴം ഗ്രാമ പഞ്ചായത്ത് 'ശുചിത്വം മഹത്വം' സംഗീത നാടകം, ഏഴോം ഗ്രാമ പഞ്ചായത്ത് ശുചിത്വ ഓട്ടം തുള്ളല്‍, ആന്തൂര്‍ നഗരസഭ 'ഭൂമിക' സംഗീത ശില്‍പം, എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സംഗീത ശില്‍പം തുടങ്ങിയ കലാപരിപാടികള്‍ സംഘടിപ്പിച്ചു.
ഈ വര്‍ഷം മാര്‍ച്ച് മാസത്തോടെ വാതില്‍പ്പടി ശേഖരണം 100 ശതമാനമാക്കി. ജില്ലയില്‍ ആകെ 2271 മിനി എംസിഎഫുകളും 96 എംസിഎഫുകളും 22 ആര്‍ആര്‍എഫുകളും 2403 ഹരിത കര്‍മ സേനകളും പ്രവര്‍ത്തിക്കുന്നു. 69 തദ്ദേശസ്ഥാപനങ്ങള്‍ ഹരിതമിത്രം ആപ്പും 12 തദ്ദേശസ്ഥാപനങ്ങള്‍ നെല്ലിക്ക ആപ്പും ഉപയോഗിക്കുന്നു. ആകെ 13,810 എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍ നടത്തുകയും നിയമലംഘനത്തിന് 1,88,50,300 രൂപ പിഴ ചുമത്തുകയും ചെയ്തു.502 ഇടങ്ങളില്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 71 ഗ്രാമപഞ്ചായത്തുകളും ഒമ്പത് നഗരസഭകളും ഒരു മുനിസിപ്പല്‍ കോര്‍പറേഷനും മാലിന്യമുക്ത പ്രഖ്യാപനം നടത്തി. 364 ടൗണുകള്‍, 275 മാര്‍ക്കറ്റ്, പൊതു സ്ഥലം, 20054 അയല്‍ക്കൂട്ടങ്ങള്‍, 1458 വിദ്യാലയങ്ങള്‍, 2453 അംഗണവാടികള്‍, 126 കലാലയങ്ങള്‍, 3133 സ്ഥാപനങ്ങള്‍, 38 ടൂറിസം കേന്ദ്രങ്ങള്‍ എന്നിവ ഹരിത പദവി പ്രഖ്യാപനം നടത്തി. ദ്രവമാലിന്യ പരിപാലത്തിനായി കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ രണ്ട് ഏക്കറില്‍ എഫ്എസ്ടിപി ആന്‍ഡ് ആര്‍ഡിഎഫ്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 50 കെ.എല്‍.ഡി ശേഷിയുള്ള എഫ്.എസ്.ടി.പി, തളിപ്പറമ്പ നഗരസഭയില്‍ 0.5 എംഎല്‍ഡി ശേഷിയുള്ള എസ്.ടി.പി എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ 100 കെഎല്‍ഡി ശേഷിയുള്ള എഫ്എസ്ടിപി പൂര്‍ത്തീകരണ ഘട്ടത്തിലാണ്.
നിലവില്‍ 305012 വീടുകളില്‍ ജൈവ മാലിന്യ സംസ്‌കരണ സംവിധാനമുണ്ട്. ഐഇസി ബോര്‍ഡുകള്‍ 13410 എണ്ണവും, ബോട്ടില്‍ ബൂത്തുകള്‍ 3282 എണ്ണവും, ബിന്നുകള്‍ 18121 എണ്ണവും സ്ഥാപിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി 126 വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും കോര്‍പറേഷനിലുമായി 109 വഴിയിടം ടേക്ക്-എ-ബ്രേക്ക് ഇടങ്ങള്‍ പരിപാലിച്ചുവരുന്നു. കോഴി മാലിന്യ സംസ്‌കരണത്തിനായി പാപ്പിനിശ്ശേരി, മട്ടന്നൂര്‍ എന്നിവിടങ്ങളിലായി രണ്ട് റെന്ററിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാലയങ്ങളില്‍ ഹരിത പ്രഖ്യാപനങ്ങള്‍ക്ക് പുറമേ സ്റ്റാര്‍ ഗ്രേഡിങ് പരിശോധനയും അവയ്ക്കുള്ള ആദരവ് പരിപാടിയും സംഘടിപ്പിച്ചു. റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് സ്റ്റാര്‍ പദവി ഏര്‍പ്പെടുത്തിയതിലൂടെ ജില്ലയിലെ 44 റസിഡന്‍സ് അസോസിയേഷനുകള്‍ ഹരിത പദവി കൈവരിച്ചു. അജൈവ മാലിന്യ സംസ്‌കരണത്തിനായി മാലിന്യം ശേഖരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനി, നിര്‍മല്‍ ഭാരത് ട്രസ്റ്റ്, 'നെല്ലിക്ക' എന്നിവ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് തലശ്ശേരി, കുത്തുപറമ്പ് ഇരിട്ടി, മട്ടന്നൂര്‍ പാനൂര്‍, തുടങ്ങിയ നഗരസഭാ പ്രദേശങ്ങളില്‍ വ്യാജ ക്യാരിബാഗുകള്‍ തിരിച്ചറിയാനുള്ള ഡൈ ക്ലോറോ മീഥൈന്‍ ടെസ്റ്റുകള്‍ സംഘടിപ്പിച്ചു. നിരോധിത വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിക്കുകയും അംഗീകാരമില്ലാതെ മാലിന്യം ശേഖരിക്കുന്നവരുടെ വിവരങ്ങള്‍ പട്ടികപ്പെടുത്തുകയും അന്തര്‍ ജില്ലാ മാലിന്യ മാഫിയക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തി.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കിയത് കണ്ണൂര്‍ ജില്ലയിലാണ്. ഗ്രീന്‍ ബ്രിഗേഡ് എന്ന പേരില്‍ കോളേജ് വിദ്യാര്‍ഥികളുടെ ഹരിത ശുചിത്വ സേനകള്‍ രൂപീകരിച്ചതും, പാപ്പിനിശ്ശേരിയിലെ റെന്ററിങ് പ്ലാന്റ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ ഹരിത ജയിലാക്കിയതും, ഹരിത സിവില്‍ സ്റ്റേഷന്‍, തളിപ്പറമ്പ് ഹരിത മിനി സിവില്‍ സ്റ്റേഷന്‍, ഹരിത ഗ്രന്ഥാലയങ്ങള്‍, ഹരിത ശുചിത്വ നഗറുകള്‍, ഹരിത ശുചിത്വ അതിഥി തൊഴിലാളി സങ്കേതങ്ങള്‍, കണ്ണപുരം ഹരിത ശുചിത്വ റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ മാതൃകാപരമായി നടന്നു. ഏറ്റവും കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുമായ് എഗ്രിമെന്റ് വെച്ച ജില്ലയും കണ്ണൂരാണ്. സമ്പൂര്‍ണ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മികച്ച ജനകീയ പ്രവര്‍ത്തനങ്ങളെ ആദരിക്കാന്‍ ഹരിതോത്സവവും സംഘടിപ്പിച്ചു.
- Log in to post comments