Skip to main content

ധര്‍മ്മടം മണ്ഡലത്തില്‍ പട്ടയ അസംബ്ലി 

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും പട്ടയം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമായി ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ പട്ടയ അസംബ്ലി നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ധര്‍മ്മടം പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ രവി അധ്യക്ഷനായി. മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് മെമ്പര്‍മാര്‍ അവരുടെ വാര്‍ഡ് പരിധിയില്‍ നിന്ന് ഉയര്‍ന്നുവന്ന പട്ടയ പ്രശ്നങ്ങള്‍ അസംബ്ലിയില്‍ ഉന്നയിക്കുകയും വില്ലേജ് ഓഫീസര്‍മാര്‍ മറുപടി പറയുകയും ചെയ്തു. ലാന്‍ഡ് ട്രിബ്യൂണല്‍, ലക്ഷം വീട്, കടല്‍ പുറമ്പോക്ക് പട്ടയങ്ങള്‍ സംബന്ധിച്ച വിഷയങ്ങള്‍ പരിപാടി ചര്‍ച്ച ചെയ്തു. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലത്തിലെ ജനപ്രതിനിധികള്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തുന്ന അസംബ്ലിയുടെ രണ്ടാം ഘട്ടമാണിത്. 2023 ലെ പ്രഥമ പട്ടയ അസംബ്ലിയില്‍ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ മുഴുവനും പരിഹരിച്ച്  69 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. അര്‍ഹത പരിശോധിച്ച് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നും എ ഡി എം സി.പത്മചന്ദ്ര കുറുപ്പ് യോഗത്തില്‍ അറിയിച്ചു.
മുഴപ്പിലങ്ങാട് വില്ലേജിലെ കടല്‍ പുറമ്പോക്ക് ഭൂമി സര്‍വെ ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സര്‍വേ നടപടികള്‍ പൂര്‍ത്തിയായശേഷം അര്‍ഹരായവര്‍ക്ക് പട്ടയം അനുവദിക്കുമെന്നും എ ഡി എം പറഞ്ഞു.

ധര്‍മ്മടം മണ്ഡലം പ്രതിനിധി കെ. പ്രദീപന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ബാലഗോപാലന്‍, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സജിത, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രേമവല്ലി, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടന്റ് സി. പ്രസീത, വേങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ചന്ദ്രന്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസന്ന, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. അനിത, തലശ്ശേരി തഹസില്‍ദാര്‍ എം. വിജേഷ്, വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, റവന്യൂ ഡിപാര്‍ട്ട്മെന്റ് ഓഫീസര്‍മാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പട്ടയ അസംബ്ലിയില്‍ പങ്കെടുത്തു.

date