കണ്ണൂര്‍ മണ്ഡലംതല പട്ടയ അസംബ്ലി
കണ്ണൂര്‍ മണ്ഡലംതല പട്ടയ അസംബ്ലി കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ രജിസ്ട്രേഷന്‍, പുരാവസ്തു പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ നടന്നു. അര്‍ഹതയുള്ള എല്ലാവര്‍ക്കും കാലതാമസം വരുത്താതെ പട്ടയം നല്‍കണമെന്നും അതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ലക്ഷ്യത്തോടെയാണ് പട്ടയ അസംബ്ലി നടപ്പിലാക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി മണ്ഡലത്തിലെ ജനപ്രതിനിധികള്‍, പഞ്ചായത്ത് മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി നടത്തുന്ന അസംബ്ലിയുടെ രണ്ടാം ഘട്ടമാണ് നടന്നത്. 2023 ലെ പട്ടയ അസംബ്ലിയില്‍ ഉന്നയിച്ച പരാതികളില്‍ 22 കേസുകള്‍ക്ക് പട്ടയം നല്‍കി. ജില്ലാ തലത്തില്‍ തീര്‍പ്പാക്കേണ്ട 15 കേസുകള്‍ കലക്ടര്‍ക്ക് കൈമാറി. എളയാവൂരിലെ എട്ട് കേസുകള്‍ക്ക് കോര്‍പറേഷനില്‍ നിന്ന് എന്‍ ഒ സി ലഭിക്കാത്തതിനാല്‍ തീര്‍പ്പായിട്ടില്ലെന്നും തഹസില്‍ദാര്‍ അറിയിച്ചു. പട്ടയ അനുമതി നല്‍കുന്ന സമയത്ത് പരിശോധിക്കേണ്ട മാനദണ്ഡങ്ങള്‍ അസംബ്ലിയില്‍ മന്ത്രി അവതരിപ്പിച്ചു. വിവിധ വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ അവരുടെ വാര്‍ഡുകളിലെ പട്ടയ പ്രശ്നങ്ങള്‍ ഉന്നയിച്ചു. ഇത് മിനുട്സില്‍ രേഖപ്പെടുത്തുകയും പട്ടയ ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദേശം നല്‍കുകയും ചെയ്തു. കണ്ണൂര്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.കെ ശ്രീലത, ഷമീമ ടീച്ചര്‍, സി.ആര്‍ തങ്ങള്‍, തഹസീല്‍ദാര്‍ എം.കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments