സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയായി തൃശ്ശൂര്‍
സമ്പൂര്‍ണ്ണ മാലിന്യമുക്തം തൃശ്ശൂര്‍ ജില്ലാതല പ്രഖ്യാപനം റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍, ടൗണുകള്‍ പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാം നൂറ് ശതമാനം മാലിന്യമുക്തമാക്കികൊണ്ടാണ് തൃശ്ശൂര്‍ ജില്ല ഹരിത പദവി നേടിയതെന്ന് മന്ത്രി പറഞ്ഞു. ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് അണിനിരന്ന എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ മലയാളികളുടേതുമാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
മാലിന്യ മുക്തം നവകേരളം എന്നത് താല്‍ക്കാലികമായ നേട്ടമല്ല മറിച്ച് സുസ്ഥിരതയുള്ള മാലിന്യ മുക്തം നവകേരളം എന്ന ലക്ഷ്യത്തിലേക്കാണ് നാം എത്തിച്ചേരേണ്ടതെന്നും ഇതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പദവി കേരളം നേടിയെടുക്കുമ്പോള്‍ തന്നെ മാലിന്യമുക്തമായ നവകേരളം കൂടിയാണ് അതോടൊപ്പം സൃഷ്ടിക്കപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ 6473 സ്ഥാപനങ്ങള്‍, 25977 അയല്‍ക്കൂട്ടങ്ങള്‍, 1164 വിദ്യാലയങ്ങള്‍, 122 കലാലയങ്ങള്‍, 301 പൊതുയിടങ്ങള്‍, 537 ടൗണുകളും, 39 വിനോദസഞ്ചാര കേന്ദ്രങ്ങളും ഹരിത പദവി നേടി. ജില്ലയെ മാലിന്യമുക്തമാക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവെച്ച ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളെയും നഗരസഭയെയും വിദ്യാലയങ്ങളെയും കലാലയങ്ങളെയും സ്ഥാപനങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിന്ദു പരമേശ്വരന്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ ഇ.ടി ടൈസണ്‍ മാസ്റ്റര്‍, യു.ആര്‍ പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാജന്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. സലില്‍ യു, കെഎസ്ഡബ്ലിയുഎംപി ജില്ലാ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ അരുണ്‍ വിന്‍സന്റ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് നവകേരളം കര്‍മ്മ പദ്ധതി രണ്ട് ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക സ്വാഗതവും ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.കെ മനോജ് നന്ദിയും പറഞ്ഞു.
- Log in to post comments