Skip to main content

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്: 16 പരാതികൾ പരിഗണിച്ചു കുടിവെള്ള കണക്ഷൻ അനുവദിക്കുന്നില്ലെന്ന് പരാതി; അടിയന്തിരമായി കണക്ഷൻ നൽകാൻ നിർദേശം

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മലപ്പുറം ജില്ലയിൽ നടത്തിയ സിറ്റിങിൽ 16 പരാതികൾ പരിഗണിച്ചു. തിരൂർ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നടന്ന സിറ്റിങിൽ കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് പരാതികൾ പരിഗണിച്ചു. കുടിവെള്ള കണക്ഷൻ അനുവദിക്കുന്നില്ലെന്ന കൊണ്ടോട്ടി സ്വദേശിയുടെ പരാതി പരിഗണിച്ച കമ്മീഷൻ പരാതിക്കാരന് അടിയന്തരമായി കണക്ഷൻ നൽകാനും രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും  കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകി. പഞ്ചായത്ത് അധികൃതർ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്ന  കാഞ്ഞിയൂർ സ്വദേശിയുടെ  പരാതിയും കമ്മീഷൻ പരിഗണിച്ചു. നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് കെട്ടിട ഉടമ പുതിയ അപേക്ഷയും അനുബന്ധ രേഖകളും നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതോടെ തുടർ നടപടികൾ അവസാനിപ്പിച്ചു. കെ.എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചതിന് ശേഷം ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന കോഡൂർ സ്വദേശിയുടെ പരാതിയിൽ നടപടി സ്വീകരിച്ചതായി കെ.എസ്.ആർ.ടി.സി അധികൃതർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് തുടർ നടപടികൾ അവസാനിപ്പിച്ചു. പോലീസ് അകാരണമായി അറസ്റ്റുചെയ്ത് തടങ്കലിൽ പാർപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്ന തിരുനാവായ സ്വദേശിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കാൻ പോലീസ് കംപ്ലൈയന്റ് അതോറിറ്റിക്ക് പരാതി കൈമാറി. 9746515133 എന്ന നമ്പറിലെ വാട്ട്‌സ് ആപ്പിലൂടെയും പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാമെന്ന് ചെയർമാൻ അറിയിച്ചു. 

date