Skip to main content

ലോകാരോഗ്യ ദിനത്തിൽ ജില്ലയിൽ വിപുലമായ പരിപാടികളുമായി ആരോഗ്യ വകുപ്പ്

ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് വൈവിധ്യമാർന്ന ബോധവത്കരണ ക്യാംപയിനുകളുമായി ജില്ലാ ആരോഗ്യ വകുപ്പ്. പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ ഉച്ചക്ക് രണ്ടിന് പി ഉബൈദുല്ല എം.എൽ.എ നിർവഹിക്കും. ചടങ്ങിൽ കഴിഞ്ഞ വർഷങ്ങളിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആരോഗ്യപ്രവർത്തകർക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.'ആരോഗ്യകരമായ തുടക്കം പ്രതീക്ഷ നിർഭരമായ ഭാവിക്ക്' എന്നതാണ് ഈ വർഷത്തെ സന്ദേശം. 'കുഞ്ഞോമന ജനിക്കേണ്ടത് ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ, പ്രസവം സുരക്ഷിതമാക്കാൻ ആശുപത്രി തന്നെ തിരഞ്ഞെടുക്കാം' എന്ന മുദ്രാവാക്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നത്. സുരക്ഷിത പ്രസവം ക്യാംപയിൻ, 700 കിലോമീറ്റർ നടത്തം, 'കുഞ്ഞിക്കുട' വാക്സീനേഷൻ ക്യാംപയിൻ, 700 പ്രഭാഷണങ്ങൾ, തിളനില വീഡിയോ പ്രകാശനം, സെമിനാറുകൾ എന്നിവയാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ വീട്ടിൽ പ്രസവം നടക്കുന്ന ജില്ല മലപ്പുറമാണ്. ഈ സാഹചര്യത്തിൽ ആശുപത്രിയിലെ പ്രസവം 100 ശതമാനം ആക്കുന്നതിനുള്ള സാമൂഹ്യ ഇടപെടലുകൾ ത്വരിതപ്പെടുത്തുന്നതിനുള്ള ബൃഹത്തായ ക്യാംപയിനാണ് ഈ ആരോഗ്യ ദിനത്തോട ജില്ലയിൽ തുടക്കം കുറിക്കുന്നത്.ക്യാംപയിന്റെ ഭാഗമായി ഏപ്രിൽ ഏഴിന് രാവിലെ ഒമ്പതിന് ജില്ലാ കലക്ടറുടെ വസതിക്ക് മുന്നിൽ നിന്ന് തുടങ്ങുന്ന ആരോഗ്യ സന്ദേശ റാലി സിവിൽ സ്റ്റേഷനിൽ അവസാനിക്കും.  റാലിക്ക് ശേഷം വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, സാംസ്‌കാരിക നേതാക്കൾ, പൊതുപ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് ജില്ലയിൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്-ജില്ലാ ജനറൽ ആശുപത്രികളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ലോകാരോഗ്യ ദിനാചരണ പരിപാടികൾ നടക്കും.

date