ജില്ലാതല മാലിന്യമുക്ത പ്രഖ്യാപനം ഏപ്രില്‍ 8 ന്
ഇടുക്കിയെ മാലിന്യമുക്ത ജില്ലയായി ഏപ്രില്‍ 8 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിക്കും. ചെറുതോണി ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്യും. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ ജില്ലാതല മാലിന്യമുക്ത പ്രഖ്യാപന പരിപാടിയാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച 13 മാനദണ്ഡങ്ങളില്‍ 80 ശതമാനം പൂര്‍ത്തിയാക്കിയ 54 തദ്ദേശസ്ഥാപനങ്ങളെ മാലിന്യമുക്തമായി പ്രഖ്യാപിച്ചിരുന്നു.
ജില്ലയിലെ 558 വിദ്യാലയങ്ങളും 58 കലാലയങ്ങളും 3441 സ്ഥാപനങ്ങളും 52 ടൂറിസം കേന്ദ്രങ്ങളും 232 ടൗണുകളും 181 പൊതു സ്ഥലങ്ങളും 11153 അയല്‍ക്കൂട്ടങ്ങളും ഇതിനോടകം ഹരിതമായി പ്രഖ്യാപിച്ചു.
ജില്ലാ പഞ്ചായത്ത്, തദ്ദേശസ്വയംഭരണ വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ മിഷന്‍, കെ എസ് ഡബ്ല്യു എം പി എന്നീ വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും നേതൃത്വത്തിലാണ് 2024 ഒക്ടോബര്‍ 2 ന് ആരംഭിച്ച് 2025 മാര്‍ച്ച് 30 ന് പൂര്‍ത്തീകരിച്ച മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.
പരിപാടിയില്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവതരണങ്ങള്‍ ഉണ്ടായിരിക്കും. വിവിധ സാംസ്‌കാരിക പരിപാടികളും അതിനു ശേഷം ഓരോ മേഖലയിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കലും നടക്കും.
- Log in to post comments