*ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: മൂന്നാം ഘട്ട പ്രവർത്തന സർവേയുടെ ജില്ലാതല ഉദ്ഘാടനം നടത്തി*
ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാം ഘട്ട പ്രവർത്തന സർവേയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് രാമഗിരി ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.
നിരക്ഷരരുടെ വിവരങ്ങൾ ഫോൺ വഴി ശേഖരിച്ച് തയ്യാറാക്കിയ പട്ടികയിലൂടെ വയനാട് ജില്ലയെ 100 ശതമാനം സാക്ഷരതയിലേക്ക് എത്തിക്കുകയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ ലക്ഷ്യമാക്കുന്നത്. കണ്ടെത്തിയ നിരക്ഷരരെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിച്ചുകൊണ്ട് സാക്ഷരത സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
സർട്ടിഫിക്കറ്റ് നേടിയ സാക്ഷരർക്ക് തുടർന്ന് നാലാം തരം, ഏഴാം തരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിൽ ചേർന്ന് പഠിക്കാനും ഹയർ സെക്കൻഡറി കഴിഞ്ഞാൽ ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിലും ചേർന്നു ഡിഗ്രി പഠനം നടത്താനും തുടർ വിദ്യാഭ്യാസം നടത്താനുള്ള അവസരവും ലഭിക്കും. ആദിവാസി വിഭാഗം കൂടുതലുള്ള ജില്ലയിൽ ഇവരെ മുഖ്യധാരയിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും.
ജില്ലയിൽ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നടക്കുന്ന സർവ്വേ പ്രവർത്തനങ്ങൾക്ക് കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ, എസ് സി/ എസ് ടി പ്രമോട്ടർമാർ, പ്രേരക്മാർ, ആശ വർക്കർമാർ, തുല്യതാ പഠിതാക്കൾ, വിദ്യാർത്ഥികൾ, മേറ്റുമാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രശാന്ത് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് ജി ബേബി വർഗീസ്, മിനി സാജു, ആശ വർക്കർ ആമിന വി പി, പി വി ജാഫർ, വാർഡ് മെമ്പർ ടി പി ഷിജു എന്നിവർ പങ്കെടുത്തു.
- Log in to post comments