ലഹരിക്കെതിരെ പോരാട്ടത്തിൽ ഒറ്റകെട്ടായി പ്രവർത്തിക്കണം- മന്ത്രി എ കെ ശശീന്ദ്രൻ
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികളും അധ്യാപകരും ഒറ്റകെട്ടായി പ്രവർത്തിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. കുട്ടികൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്കൂൾ വാർഷികാഘോഷവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകർക്ക് ദോഷം വരുത്തുന്ന വന്യജീവികളെ വെടി വച്ച് കൊല്ലാനുള്ള ഉത്തരവിടാൻ അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാനമാണ് കേരളം. വന്യജീവി വിഷയത്തിൽ ദീർഘ കാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ സർക്കാർ രൂപകല്പന ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ പി ടി എ പ്രസിഡന്റ് ഷംനാസ് പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്യസഭാ എം പി ഹാരിസ് ബീരാൻ മുഖ്യാതിഥി ആയിരുന്നു. സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പാലം അധ്യാപകൻ ആരിഫ് മാസ്റ്റർ എന്നിവരെ പരിപാടിയിൽ ആദരിച്ചു.
കാട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, ജില്ലാ പഞ്ചായത്ത് മെമ്പർ റംസീന നരിക്കുനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ള തോട്, താമരശ്ശേരി എ ഇ ഒ പി വിനോദ്, സ്വാഗത സംഘം ചെയർമാൻ എ കെ അബൂബക്കർ കുട്ടി, കെ സി ശിഹാബ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പി ടി എ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
- Log in to post comments