വാർഷിക പദ്ധതി വിനിയോഗം : ജില്ലാ പഞ്ചായത്തിന് ആറാം സ്ഥാനം
2024-25 വാർഷിക പദ്ധതി ചെലവഴിച്ചതിൽ കോട്ടയം ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് ആറാം സ്ഥാനം. 81.5 ശതമാനമാണ് ചെലവഴിച്ചത്. പ്ലാൻ ഫണ്ടിൽ ലഭിച്ച 53.92 കോടി രൂപയിൽ 44.52 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവർഗ്ഗ ഫണ്ട്, റോഡ് മെയിൻ്റനൻസ് ഗ്രാൻ്റ് എന്നീ വിഭാഗത്തിൽ ലഭിച്ച ഫണ്ട് 100 ശതമാനം ചെലവഴിച്ചു. മാലിന്യ മുക്ത പ്രവർത്തനങ്ങൾക്കായി നാലു കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതിൽ ഭൂരിഭാഗവും പൂർത്തീകരിച്ചു.
ജില്ലയിലെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സൗജന്യമായി മരുന്ന് നൽകുന്ന പുനർജ്ജനി പദ്ധതിയുൾപ്പെടെ ആരംഭിക്കാനും കഴിഞ്ഞു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ 11 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. 106 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വകയിരുത്തിയ 5.5 കോടിയും ചെലവഴിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ആകെ 88.12 ശതമാനം പദ്ധതിപുരോഗതി നേടുകയും ട്രഷറി ക്യൂ ബില്ലുകൾ ഉൾപ്പെടെ പദ്ധതിച്ചെലവിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടാനും കഴിഞ്ഞു.
സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെ108.36 ശതമാനം തുക ചെലവഴിച്ച വാഴൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാമതെത്തി. 19 തദ്ദേശസ്ഥാപനങ്ങൾ 100 ശതമാനം പദ്ധതിനേട്ടം കൈവരിച്ചതായി ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അറിയിച്ചു. ജില്ലയുടെ മികച്ച പ്രവർത്തനത്തിന് പരിശ്രമിച്ച ഉദ്യോഗസ്ഥരെ പ്രസിഡൻ്റ് അഭിനന്ദിച്ചു.
- Log in to post comments