ഉല്ലാസ് പദ്ധതി: റിസോഴ്സ് പെഴ്സൺമാർക്ക് പരിശീലനം നൽകി
നിരക്ഷരത നിർമ്മാർജ്ജന പദ്ധതിയായ ഉല്ലാസിൻ്റെ (അണ്ടര്‍സ്റ്റാന്‍ഡിങ് ഓഫ് ലൈഫ് ലോംങ് ലേണിങ് ഫോണ്‍ ആള്‍ ഇന്‍ സൊസൈറ്റി) ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാതല റിസോഴ്സ് പെഴ്സൺമാർക്ക് പരിശീലനം നൽകി. സമൂഹത്തില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയ്ക്കായി ജില്ലയിലെ 10 ഗ്രാമ പഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരുന്നത്. ഒരു പഞ്ചായത്തിൽ നിന്നും മൂന്ന് പേർ വീതമുള്ള 30 അംഗ ജില്ലാ റിസോഴ്സ് ഗ്രൂപ്പാണ് ജില്ലയില്‍ രൂപീകരിച്ചിട്ടുള്ളത്. പദ്ധതിയുടെ രൂപരേഖ, സർവെ നടത്തിപ്പ്, പഠന ക്ലാസുകൾ നിശ്ചയിക്കൽ, ക്ലാസ് ആരംഭം തുടങ്ങിയ സെഷനുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. ഓൺലൈന്‍ പരിശീലന പരിപാടി സംസ്ഥാന സാക്ഷരതാ മിഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ലിജോ ഉദ്ഘാടനം ചെയ്തു. നിർമ്മല റെയ്ച്ചൽ ജോയ് ക്ലാസുകൾക്ക് നേതൃത്വം നൽകി. ജില്ലാ സാക്ഷരതാമിഷൻ കോർഡിനേറ്റർ കെ വി രതീഷ് അധ്യക്ഷനായി. അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ജസ്റ്റിൻ ജോസഫ് സ്വാഗതവും എസ്.ലേഖ നന്ദിയും പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളിൽ സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്. വാർഡ് തല സംഘാടക സമിതികൾ രൂപീകരിച്ച് വരുകയാണ്. സർവെ വോളൻ്റിയർമാർക്കുള്ള ജില്ലാ റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിലുള്ള പരിശീലനം പഞ്ചായത്ത് തലത്തിൽ നടക്കും.
(പി.ആര്‍/എ.എല്‍.പി/1046)
- Log in to post comments