Skip to main content
കോട്ടയം ജില്ലാ മാലിന്യമുക്ത പ്രഖ്യാപനത്തിനു മുന്നോടിയായി വിവിധ തദ്ദേശസ്ഥാപനങ്ങൾ അണിനിരന്ന റാലി.

മാലിന്യമുക്ത നവകേരള വിളംബര റാലിയിൽ അണിചേർന്ന് ആയിരങ്ങൾ

 ജില്ലയെ ഇനിയെന്നും സുന്ദരമായി സൂക്ഷിക്കുമെന്ന സന്ദേശം പകർന്നു നൽകി ശുചിത്വത്തിന്റെ കാവലാളുകൾ. ജില്ലയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന ചടങ്ങിനു മുന്നോടിയായി നടന്ന വിളംബര റാലിയിൽ അണിനിരന്ന് ആയിരങ്ങൾ. പച്ച നിറത്തിലുള്ള ഓവർകോട്ടണിഞ്ഞ്  ഹരിത കർമസേനാംഗങ്ങൾ മാലിന്യ മുക്ത കേരളത്തിന്റെ മുന്നണിപ്പടയാളികളായി റാലിയിൽ നിറഞ്ഞുനിന്നു. ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും അതത് ബ്ലോക്കിനു കീഴിൽ അണിനിരന്നു.  കളക്ട്രേറ്റ്  വളപ്പിൽ നിന്നാരംഭിച്ച  റാലി  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ  ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റാലിയിൽ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പും ജില്ലാ പഞ്ചായത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും ഹരിതകേരളം മിഷനും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.
എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, മാലിന്യമുക്ത നവകേരളം തുടങ്ങിയ പ്ലാക്കാർഡുകളുമായി തദ്ദേശസ്ഥാപന പ്രസിഡന്റുമാരും അംഗങ്ങളുമടക്കം റാലിയിൽ നിറഞ്ഞുനിന്നു. മാലിന്യമുകത നവകേരളം എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിശ്ചലദൃശ്യങ്ങളും പ്രദർശിപ്പിച്ചു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച വിളംബര റാലിയിൽ കുട്ടികളുടെ സ്‌കേറ്റിങ് മുതൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച നാടൻ കലാരൂപങ്ങൾ വരെ അണിനിരന്നു. ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ, എസ്.പി.സി. അംഗങ്ങൾ എന്നിവരും പങ്കെടുത്തു. റാലി സമ്മേളന വേദിയായ തിരുനക്കര മൈതാനത്ത് സമാപിച്ചു.

date