വൃത്തി കോൺക്ലേവ് മുഖ്യമന്ത്രി നാളെ (09/04) ഉദ്ഘാടനം ചെയ്യും
*150ൽ അധികം സ്റ്റാളുകൾ
*പഞ്ചായത്തുകളുടെ മികച്ച മാതൃകകളുടെ മൽസരങ്ങൾ
*എല്ലാ ദിവസവും കലാപരിപാടികൾ
മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട മേഖലകളെപ്പറ്റി വിശദമായ ചർച്ചകൾക്കും പരിഹാരാന്വേഷണങ്ങൾക്കുമായി സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വൃത്തി 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ദേശീയ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം നാളെ (09/04) വൈകുന്നേരം 5 മണിക്ക് നിശാഗന്ധിയിൽ നടക്കും.
തദ്ദേശ സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ മന്ത്രി എം.ബി.രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, കെ.ബി.ഗണേഷ് കുമാർ, ജി.ആർ.അനിൽ, പി.എ. മുഹമ്മദ് റിയാസ്, വി.ശിവൻകുട്ടി, വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വിവിധ ഉപ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു. ഒ.എസ്. അംബിക, കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, വി.ജോയ്, ഡി.കെ.മുരളി, വി.ശശി, ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, എം. വിൻസന്റ്, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തെ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2023 മാർച്ചിൽ തുടങ്ങിയ 'മാലിന്യമുക്തം നവകേരളം' പ്രവർത്തന-പ്രചാരണ പരിപാടിവഴി കേരളം കൈവരിച്ച മികച്ച നേട്ടങ്ങളും, വികസിപ്പിച്ച മാതൃകകളും, പരീക്ഷിച്ച് വിജയം കണ്ട സാങ്കേതിക വിദ്യകളും, നാടിന്റെ വൃത്തിക്കായി പണിയെടുത്ത വ്യക്തികളും, സംഘടനകളും തുടങ്ങി എതിർപ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകളും ആശയങ്ങളും വരെ എല്ലാറ്റിനെയും ഒരൊറ്റ കുടക്കീഴിൽ കൊണ്ടു വരികയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
ഏപ്രിൽ 12ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ സമാപന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ഏപ്രിൽ 13വരെ പ്രദർശനങ്ങൾ തുടരും. പഞ്ചായത്തുകളുടെ മികച്ച മാതൃകകളുടെ മൽസരവും 13 ന് അവസാനിക്കും.
ഏഴു മേഖലകളിലായി അറുപത് സെഷനുകളിൽ ഇരുനൂറോളം വിദഗ്ദ്ധരാണ് അഞ്ചുദിവസത്തെ പരിപാടിയിൽ ആശയങ്ങൾ പങ്കുവയ്ക്കുക. ദ്രവ മാലിന്യ സംസ്കരണം, ഖര മാലിന്യ സംസ്കരണം, കാലാവസ്ഥാവ്യതിയാനം, ചാക്രിക സമ്പദ് വ്യവസ്ഥ, നയവും നിയമങ്ങളും, മാധ്യമങ്ങൾ, ആശയവിനിമയവും ബോധവൽക്കരണവും എന്നീ ഏഴ് മേഖലകളാക്കി തിരിച്ചാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള അമൃത് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ ദേശീയതലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാരേതര സ്ഥാപനങ്ങൾ, ഐഐടി പോലുള്ള അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങൾ, മാലിന്യസംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. മാധ്യമപ്രതിനിധികൾ പങ്കെടുക്കുന്ന ഓപ്പൺ സെഷനുകൾ കോൺഫറൻസിന്റെ മറ്റൊരു പ്രത്യേകതയാണ്.
സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കോൺക്ലേവിൽ പങ്കെടുക്കും. മാലിന്യസംസ്‌കരണ പ്ലാന്റുകളുമായി ബന്ധപ്പെട്ട് എതിർപ്പുകളുയർത്തുന്നവരുമായും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും മുഖാമുഖവും ഹരിതകർമസേനയ്ക്കുള്ള പരിശീലനവും കോൺക്ലേവിന്റെ ഭാഗമാണ്. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി സ്വകാര്യ നിക്ഷേപകരേയും സ്റ്റാർട്ടപ്പുകളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ബിസിനസ് മീറ്റിംഗുകളിൽ ഈ രംഗത്തെ നിക്ഷേപ സാധ്യതകളും സ്റ്റാർട്ടപ്പുകളുടെ പങ്കും ചർച്ച ചെയ്യും. 150ൽ അധികം സ്റ്റാളുകളിൽ തദ്ദേശസ്ഥാപനങ്ങളുടേയും മാലിന്യനിർമാർജ്ജന രംഗത്തെ സ്ഥാപനങ്ങളുടേയും പ്രദർശനങ്ങൾ ഉണ്ടാകം. നൂതന ആശയ അവതരണം, ചെറുപ്പക്കാരേയും സംരംഭകരേയും നിക്ഷേപകരേയും ഈ മേഖലയിലേക്ക് ആകർഷിക്കുന്ന വിവിധ പരിപാടികൾ, വേസ്റ്റു ടു ആർട്ട് ഇൻസ്റ്റലേഷനുകൾ തുടങ്ങിയവയിലൂടെ മാലിന്യസംസ്‌കരണസംബന്ധിയായി രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാത്തരം മാറ്റങ്ങളെയും ചുവടുവെയ്പ്പുകളെയും ജനങ്ങൾക്ക് അടുത്തറിയാനാകും.
പരിപാടിയുടെ ഭാഗമായി ചലച്ചിത്ര പിന്നണി ഗായകരായ കെ.എസ്. ഹരിശങ്കർ, രാജലക്ഷ്മി, കല്ലറ ഗോപൻ, ജി. ശ്രീറാം തുടങ്ങിയവരുടെ സംഗീത പരിപാടികൾ, ചലച്ചിത്രതാരങ്ങളായ റീമ കല്ലിങ്കൽ, ആശ ശരത് തുടങ്ങിയവരുടെ നൃത്തപരിപാടികൾ തുടങ്ങിയവയും ഉണ്ടാകും. ഏപ്രിൽ 10, 11 തിയതികളിൽ വൈകിട്ട് അഞ്ചു മണി മുതൽ രാത്രി പത്തുമണി വരെ മാനവീയം വീഥിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും കലാപരിപാടികളും നടത്തും.
ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, കേരള ഖരമാലിന്യപരിപാലന പദ്ധതി, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തിരുവനന്തപുരം കോർപ്പറേഷൻ, ദേശീയ തൊഴിലുറപ്പ് പദ്ധതി, കില, തിരുവനന്തപുരം സ്മാർട് സിറ്റി, അമൃത്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ഇൻഫർമേഷൻ കേരള മിഷൻ, ഇംപാക്ട് കേരള, കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ് 1524/2025
- Log in to post comments