സ്വന്തം പേരിൽ കിട്ടിയ പട്ടയം നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ - ജമീല ദമ്പതികൾ
നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വന്തം മണ്ണിനു കിട്ടിയ പട്ടയം നിറഞ്ഞ മനസോടെ നെഞ്ചോട് ചേർത്ത് മുഹമ്മദ് ഇഖ്ബാൽ - ജമീല ദമ്പതികൾ. പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്തിലെ പള്ളിവെളി പ്രദേശത്ത് മൂന്ന് തലമുറകളായി താമസിച്ചുവരുന്ന കുടുംബം കഴിഞ്ഞ 50 വർഷത്തോളമായി പട്ടയത്തിനുവേണ്ടി വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു.
ഇവർ താമസിച്ചു വരുന്ന നാല് സെന്റ് സ്ഥലത്ത് സ്വന്തമായി പഴയ ഒരു വീട് ഉണ്ടെങ്കിലും കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞുവീഴാറായ നിലയിലാണ്. പട്ടയമില്ലാത്തതിനാൽ പുതിയ വീട് വയ്ക്കാനുള്ള സർക്കാർ സഹായത്തിനും കുടുംബത്തിന് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ എല്ലാവർക്കും ഭൂമിയുടെ രേഖ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേള വഴിയാണ് സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് മുഹമ്മദ് ഇഖ്ബാൽ - ജമീല ദമ്പതികൾക്ക് പട്ടയം ലഭിച്ചിരിക്കുന്നത്. പുന്നപ്ര പള്ളിവെളിയിൽ സംഘടിപ്പിച്ച പട്ടയമേളയിൽ റവന്യൂ മന്ത്രി കെ രാജനാണ് ഇവർക്ക് പട്ടയം കൈമാറിയത്. എച്ച് സലാം എം. എൽ. എ യുടെ നിരന്തര പരിശ്രമത്തിൻ്റെ ഫലമായിട്ടാണ് അമ്പലപ്പുഴയിലെ പട്ടയമേളയിലൂടെ 34 കുടുംബങ്ങൾ ഭൂമിയുടെ യഥാർത്ഥ അവകാശികളായിമാറാൻ സാധിച്ചത്.
മുഹമ്മദ് ഇഖ്ബാലും ഭാര്യയും മത്സ്യക്കച്ചവടം നടത്തുന്ന മകൻ്റെ സംരക്ഷണയിലാണ് ഇപ്പോൾ കഴിഞ്ഞുവരുന്നത്. മകനും ഭാര്യയും കൊച്ചുമക്കളും അടക്കമുള്ള ആറംഗ കുടുംബത്തിൻ്റെ പുതിയ വീടെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ വഴിയാണ് ഈ പട്ടയത്തിലൂടെ തുറന്നിരിക്കുന്നതെന്നും. തനിക്കും കുടുംബത്തിനും സ്വന്തമായി ഭൂമി എന്ന സ്വപ്നം നിറവേറ്റിത്തന്ന എല്ലാ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര നന്ദിയുണ്ടെന്ന് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു.
മിച്ചഭൂമി പട്ടയം വഴിയാണ് ഇക്ബാൽ അടക്കമുള്ള പതിനാല് കുടുംബങ്ങൾക്ക് അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പള്ളിവെളിയിൽ സ്വന്തമായി ഭൂമി ലഭിച്ചിരിക്കുന്നത്. ചടങ്ങിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിലെ വാടയ്ക്കൽ പ്രദേശത്തെ 20 കുടുംബങ്ങൾക്കും മന്ത്രി പട്ടയം വിതരണം ചെയ്തു.
(പി.ആര്‍/എ.എല്‍.പി/1071)
- Log in to post comments