*മീനങ്ങാടിയിൽ മണ്ണൊരുക്കാം പദ്ധതി ഉദ്ഘാടനവും കിറ്റ് വിതരണവും നടത്തി*
*-പദ്ധതി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മണ്ണിൻ്റെ ആരോഗ്യവും കാർഷിക പരിസ്ഥിതിയും മെച്ചപ്പെടുത്താൻ*
മീനങ്ങാടി ഗ്രാമപഞ്ചായത്തും കൃഷിഭവനും തണലും അഗ്രോ ഇക്കോളജി ഫണ്ടും സംയുക്തമായി തുടക്കം കുറിച്ച 'മണ്ണൊരുക്കാം' പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ നിർവഹിച്ചു.
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കാർഷിക ഭൂമിയുടെ ആരോഗ്യവും കാർഷിക പരിസ്ഥിതിയും മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വയനാടിന്റെ കാർഷിക മേഖല നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന പ്രശ്നമാണ് മണ്ണിന്റെ ഘടനയിൽ വന്ന മാറ്റവും മണ്ണിൽ മൂലകങ്ങളുടെ അഭാവവുമെന്ന് സംഷാദ് മരക്കാർ പറഞ്ഞു. ആവശ്യമായ മൂലകങ്ങളുടെ അളവ് മനസിലാക്കാതെയുള്ള വളപ്രയോഗവും കാലാവസ്ഥ വ്യതിയാനവും മണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും മണ്ണൊരുക്കാം പദ്ധതി വയനാട് ജില്ല മുഴുവനായി വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തണൽ എക്സിക്യൂട്ടീവ് ഡയറക്ടർ സി ജയകുമാർ മണ്ണൊരുക്കാം പദ്ധതി വിശദീകരിച്ചു.
മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മണ്ണിൻ്റെ ആരോഗ്യവും കാർഷിക പരിസ്ഥിതിയും മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് മണ്ണൊരുക്കാം. ആദ്യ ഘട്ടത്തിൽ പദ്ധതിയിൽ 500 കർഷകരെ നേരിട്ട് പങ്കാളികളാക്കി, ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള ഉൽപ്പന്നങ്ങളും പരിശീലനങ്ങളും നൽകി കർഷകരെ പ്രോൽസാഹിപ്പിക്കും. മീനങ്ങാടിയിൽ ഒരു മണ്ണ് പരിശോധന ലബോറട്ടറി സ്ഥാപിച്ച് എല്ലാവിധ മണ്ണ് പരിശോധനാ സൗകര്യങ്ങൾ കർഷകർക്ക് ഒരുക്കികൊടുക്കും. തെരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടങ്ങളിൽ അടങ്ങിയിരിക്കുന്ന എട്ട് ഘടകങ്ങളെ അടിസ്ഥാനമാക്കി നിശ്ചിത ഇടവേളകളിൽ മണ്ണ് പരിശോധനക്ക് വിധേയമാക്കുകയും മണ്ണ് പരിശോധന കാർഡുകൾ വഴി റിപ്പോർട്ടുകളും ശുപാർശകളും കർഷകർക്ക് നൽകുകയും ചെയ്യും. കാർഷിക സർവകലാശാല വിദഗ്ധരും ഗവേഷണ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദഗ്ധരെയും ഉൾപ്പെടുത്തി മണ്ണ് നിരീക്ഷണ ഉപദേശക സമിതി രൂപീകരിക്കുകയും പദ്ധതിയുടെ വിശകലനത്തിനും പുരോഗതിക്കും മേൽനോട്ടം വഹിക്കുകയും ചെയ്യും. കൂടാതെ സുസ്ഥിര കൃഷിരീതികളുടെ പ്രാധാന്യത്തെക്കുറിച്ച് കർഷകരെയും സമൂഹത്തെയും ബോധവൽക്കരിക്കുന്നതിനായി 'സോയിൽ ടു സോൾ' എന്ന പ്രചാരണ പരിപാടികൾ ഉൾപ്പെടെയുള്ള സമൂഹ ഇടപെടൽ ഉയർത്തുന്ന പ്രവർത്തനങ്ങളും നടത്തും.
രാജ്യത്തെ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് മാതൃകയായി മാറാൻ മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ പ്രാപ്തമാക്കിയത് 'കാർബൺ സന്തുലിത മീനങ്ങാടി' എന്ന പദ്ധതിയാണ്.
പരിപാടിയിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന കിഴങ്ങുവർഗ്ഗങ്ങളുടെ വിത്തുകളും സൂക്ഷ്മാണു വളങ്ങളും തൈകളും 'ജൈവകൃഷി സഹായി' എന്ന പുസ്തകവും അടങ്ങുന്ന കിറ്റ് കർഷകർക്ക് വിതരണം ചെയ്തു.
കാലാവസ്ഥ വ്യതിയാനം മൂലം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കർഷകർ അനുഭവിക്കുന്ന സാമ്പത്തികവും സാമ്പത്തികേതരവുമായ നാശനഷ്ടങ്ങളെ പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി അസൈനാർ നിർവഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയൻ, മറ്റ് വാർഡ് മെമ്പർമാർ, തണലിന്റെ കീഴിലുള്ള ജൈവ കർഷക കൂട്ടായ്മയിലെ അംഗങ്ങൾ, കൃഷി, മണ്ണ് സംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments