ബ്ലൂപേള്‍ ഹാപ്പിനസ് പാര്‍ക്ക് തുറന്നു
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പ്രഥമ പാര്‍ക്കായ ബ്ലൂപേള്‍ ഹാപ്പിനെസ് പാര്‍ക്കിന്റെ ഉദ്ഘാടനം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എസ്.എന്‍ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ 5,32,432 രൂപ വകയിരുത്തിയാണ് അഞ്ചങ്ങാടി ലോറിക്കടവില്‍ പാര്‍ക്ക് തുറന്നത്. ജൈവ വൈവിധ്യപരിപാലനത്തിന്റെ ഭാഗമായി കടലോരത്തിന് അനുയോജ്യമായ രീതിയില്‍ വൃക്ഷങ്ങളും പൂച്ചെടികളും പാര്‍ക്കില്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചുമര്‍ചിത്രങ്ങള്‍, കുട്ടികള്‍ക്കായി വിവിധ കളി ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളും പാര്‍ക്കില്‍ ഒരുക്കിട്ടുണ്ട്. പാര്‍ക്കിന് 'ബ്ലൂപേള്‍' എന്ന് നാമകരണം നടത്തിയ എം.ഇ.എസ് അസ്മാബി കോളേജ് ഗവേഷണ വിദ്യാര്‍ത്ഥികളായ ബി.എസ് അശുതോഷ്, അഭിയ സി. വര്‍ഗ്ഗീസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ്, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ.എ അയൂബ്, സി.സി ജയ, പി.എ നൗഷാദ്, പഞ്ചായത്തംഗങ്ങളായ മിനി പ്രദീപ്, രേഷ്മ, ഇബ്രാഹിംകുട്ടി, പ്രസന്ന ധര്‍മ്മന്‍, സെറീന സഗീര്‍, രമ്യ പ്രദീപ്, ജിബിമോള്‍, അസി. സെക്രട്ടറി അബ്ദുള്ള ബാബു, ജൂനിയര്‍ സൂപ്രണ്ടന്റ് പി.എസ് രതീഷ്, കോസ്റ്റല്‍ പോലീസ് എ.എസ്.ഐ സജീവ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments