*സാമ്പത്തിക പുരോഗതി കൈവരിക്കാൻ മാതൃക പദ്ധതികൾ നടപ്പാക്കും: മന്ത്രി ഒ ആർ കേളു*
*-മുഴുവൻ ജില്ലകളിലും പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ബ്രാഞ്ചുകൾ തുടങ്ങും*
സാമ്പത്തിക പുരോഗതി കൈവരിക്കാൻ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മാതൃകാ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ഒ ആർ കേളു.
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സിഡിഎസ് മുഖേനെ അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 1972 ൽ സംസ്ഥാനത്ത് രൂപീകരിച്ച കോർപ്പറേഷന്റെ കീഴിൽ വിവിധ സേവനങ്ങൾ ആണ് വിഭാവനം ചെയ്യുന്നതെന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കോർപ്പറേഷൻ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് എ പി ജെ ഹാളിൽ നടന്ന പരിപാടിയിൽ പടിഞ്ഞാറത്തറ സിഡിഎസിന് 41 ലക്ഷം രൂപയും മേപ്പാടി സിഡിഎസിന് 21.5 ലക്ഷം രൂപയും നെന്മേനി സിഡിഎസിന് 19 ലക്ഷം രൂപയും മന്ത്രി അതാത് സിഡിഎസ് ചെയർപേഴ്സൺമാർക്ക് കൈമാറി. ആദ്യഘട്ടത്തിൽ 121 ഗുണഭോക്താക്കളെയാണ് പരിഗണിച്ചത്. വായ്പ ഗുണഭോക്താക്കൾ നൂതനമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി മുന്നോട്ടുവരണമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ
മുണ്ടക്കൈ ചൂരൽമല ദുരന്ത അതിജീവിതരുടെ വായ്പ എഴുതിത്തള്ളിയവരുടെ ബാധ്യത രഹിത സർട്ടിഫിക്കറ്റ് ടി സിദ്ദീഖ് എംഎൽഎ കൈമാറി. ടി സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. എഡിഎം കെ ദേവകി, സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാൻ കെ കെ ഷാജു, മാനേജിംഗ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments