Skip to main content

മാലിന്യസംസ്‌കരണത്തിന്റെ കേരളാ മോഡൽ മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നു :  മന്ത്രി എം ബി രാജേഷ്

കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്‌കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് 'വൃത്തി 2025' ന്റെ  സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണത്തിന്റെ ഈ  കേരള മോഡൽ  ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്‌നാട് സംസ്ഥാനം  കേരള മാതൃകയിൽ ക്ലീൻ തമിഴ്നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ തുടങ്ങി മുകൾതട്ട് വരെ എത്തിയ ഒരു ജനകീയ യത്‌നത്തിന്റെ അടുവിലാണ് വൃത്തി 2025 കോൺക്ലേവ് നടന്നത്.

വൃത്തി ക്ലീൻ കേരള കോൺക്ലേവ് 2025 ൽ  നടന്ന ബിസിനസ് മീറ്റിൽ 2900 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. ജനങ്ങളെ മുഴുവൻ പങ്കാളികളാക്കുമ്പോഴാണ് പൂർണതോതിൽ വിജയിക്കാൻ കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട മാതൃകകളിൽ നിന്ന് കേരളമാകെ വിജയകരമായ ഒരു മാതൃകയ്ക്ക് ഗതിവേഗം കൈവന്നിരിക്കുകയാണ്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ തീപിടിത്തത്തിന് ശേഷം ഈ അപകടത്തെ  സർക്കാർ ദൃഢ നിശ്ചയത്തോടെ അവസരമാക്കി മാറ്റുകയായിരുന്നു. അവിടെ നിന്ന് തുടങ്ങിയ മുന്നേറ്റം വലിയ വിജയത്തിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്‌കരണത്തിനുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആകർഷകമായ അവതരണങ്ങൾ നടത്താനും  കോൺക്ലേവിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

 മാലിന്യ സംസ്‌കരണ പദ്ധതികൾക്കെതിരെ പ്രതിഷേധിക്കുന്ന വ്യക്തികളെയും പദ്ധതി നടപ്പാക്കുന്നവരെയും ഒരുമിപ്പിച്ച പൊതുഫോറം വിജയകരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ തുറന്ന സംവാദം ആശങ്കകൾ പരിഹരിക്കുകയും മാലിന്യ നിർമാർജ്ജന പദ്ധതികളെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്തു.  ഇത് ചില പ്രതിഷേധങ്ങൾ പിൻവലിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിൽ ചർച്ചയുടെ പ്രാധാന്യം ഇത് വെളിവാക്കുന്നതായി അദ്ദേഹം പറഞ്ഞു.

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സംസ്ഥാനത്തിന്റെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ അഭിമാനം പ്രകടിപ്പിക്കുകയും കഴിഞ്ഞ രണ്ട് വർഷമായി മന്ത്രിയുടെ ഇതിനായുള്ള സ്വയം സമർപ്പണത്തെ പ്രശംസിക്കുകയും ചെയ്തു. ശുചിത്വം ഒരു ദിവസത്തെ കാര്യമല്ല, മറിച്ച് തുടർച്ചയായ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ചെറിയ, പ്രാദേശിക തലത്തിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നടപ്പാക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു. 

മാലിന്യ സംസ്‌കരണം മികച്ച രീതിയിൽ നടപ്പാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ഗവർണർ സമ്മാനിച്ചു. മികച്ച ഗ്രാമപഞ്ചായത്തിനുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ  യഥാക്രമം ആമ്പല്ലൂർ, മണിയൂർ, പുന്നപ്ര പഞ്ചായത്തുകൾ നേടി. മികച്ച മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് ഗുരുവായൂർ, ആന്തൂർ, പെരുന്തൽമണ്ണ മുനിസിപ്പാലിറ്റികളും, മികച്ച കോർപ്പറേഷനുകളായി കോഴിക്കോട് തൃശ്ശൂർ, കോർപറേഷനുകളും, തിരുവനന്തപുരം കോർപ്പറേഷന് ആറ്റുകാൽ പൊങ്കാല സ്‌കൂൾ യുവജനോത്സവം എന്നീ വലിയ പരിപാടികൾ സംബന്ധിച്ച മാലിന്യ നിർമാർജനം വിജയകരമായി നടപ്പാക്കിയത്തിനുള്ള പ്രത്യേക അവാർഡും സമ്മാനിച്ചു. 

കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിഷൻ ഡോക്യുമെന്റ് ഗവർണർ പ്രകാശനം ചെയ്തു. സമാപന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. വി.കെ. പ്രശാന്ത് എംഎൽഎ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി. തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ് 1598/2025

date