ഈസ്റ്റ് മാറാടിയില്‍ ക്യാമറ സ്ഥാപിക്കണം: മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗം
കൊച്ചി: അപകടങ്ങള്‍ തുടര്‍ക്കഥയായ എം .സി. റോഡിലെ ഈസ്റ്റ് മാറാടിയില്‍ ക്യാമറ സ്ഥാപിക്കണമെന്ന് മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. താലൂക്ക് വികസന സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണാണ് ഈസ്റ്റ് മാറാടിയിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ക്യാമറയും, സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. വിഷയത്തില്‍ കെ.എസ്.ടി.പി.യുടെ നിലപാടും ചര്‍ച്ച ചെയ്തു.
വാഹനങ്ങളുടെ അമിത വേഗതയും, വെളിച്ചത്തിന്റെ കുറവുമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് ഗതാഗത വകുപ്പിന്റെയും, പോലീസിന്റെയും നിലപാട്. ഇവിടെ അപകടങ്ങള്‍ കുറയ്ക്കുന്നതിന് ക്യാമറയും, ലൈറ്റുകളും സ്ഥാപിക്കണമെന്നാണ് ബന്ധപ്പെട്ട വകുപ്പുകളുടെയും ആവശ്യം. അടിയന്തിരമായി വിഷയത്തില്‍ പരിഹാരം കാണുന്നതിന് കെ.എസ്.ടി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. തകര്‍ന്ന് കിടക്കുന്ന മൂവാറ്റുപുഴ-പണ്ടപ്പിള്ളി റോഡിലെ അറ്റകുറ്റപ്പണികള്‍ക്ക് മുപ്പത്തി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
റോഡിലൂടെ അമിത ലോഡുമായി ടോറസുകളുടെ ചീറിപായലാണ് റോഡ് തകരാന്‍ കാരണമെന്ന ആരോപണത്തിന് പരിഹാരമായി റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രദേശത്തെ ക്രഷറില്‍ നിന്നും, പാറമടകളില്‍ നിന്നും ലോഡുമായി വരുന്ന ലോറികള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പോലീസിനോടും, മോട്ടോര്‍ വാഹന വകുപ്പിനോടും, റവന്യൂ വകുപ്പിനോടും എം.എല്‍.എ നിര്‍ദ്ദേശം നല്കി. ആരക്കുഴ-പാലക്കുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പിടലുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പും ജലസേചന വകുപ്പും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അടുത്ത ദിവസം യോഗം ചേരുമെന്നും, റോഡ് ബി.എം&ബി.സി.നിലവാരത്തില്‍ ടാര്ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണന്നും എം.എല്‍.എ പറഞ്ഞു. നവീകരിച്ച കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റേഷന് ഉടന്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കും. മൂവാറ്റുപുഴ -പെരുമ്പാവൂര്‍ എം.സി റോഡ് റീ ടാറിങ്ങിനായി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മണ്ഡലകാലം തുടങ്ങുന്നതിന് മുന്‍പ് ടാറിങ്ങ് തീരുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍ത്തി വച്ചിരിക്കുന്ന മണല്‍വാരല്‍ പുനരാരംഭിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.സി.ഏലിയാസ് യോഗത്തില്‍ ആവശ്യപ്പെട്ടു. ശൂലംകയറ്റത്തില് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് പതിക്കുകയാണന്നും ഇതിന് പരിഹാരമായി ഇവിടെ റോഡിന് കൈവരി നിര്‍മിക്കണമെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.വി.അവറാച്ചന് യോഗത്തില്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ കച്ചേരിത്താഴത്തെ കംഫര്‍ട്ട് സ്റ്റേഷന് അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മൂവാറ്റുപുഴ പൗരസമിതി സെക്രട്ടറി മുസ്തഫ കൊല്ലംകുടി യോഗത്തില്‍ ആവശ്യപ്പെട്ടു. വേനല്‍ ആരംഭിക്കുന്നതോടെ കനാലുകളില്‍ വെള്ളം തുറന്ന് വിടുന്നതിന് കനാലുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന് യോഗം പെരിയാര്‍ വാലി, മൂവാറ്റുപുഴ വാലി അധികൃതരോട് ആവശ്യപ്പെട്ടു.
യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പായിപ്ര കൃഷ്ണന്, തഹസീല്‍ദാര്‍ പി.എസ്.മധുസൂദനന് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments