Skip to main content

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി  കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ ബിന്ദു

 

 

ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ, കാറളം, കാട്ടൂർ, പൂമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള മെഡിക്കൽ ബോർഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സമ്പൂർണ തിരിച്ചറിയൽ കാർഡ് നൽകാനായാണ് ഇത്തരം ക്യാമ്പുകൾ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തരം ക്യാമ്പുകളിലൂടെ ഡോക്ടർമാരുടെ സേവനം ഒറ്റക്കുടക്കീഴിൽ  ലഭ്യമാകുന്നത്  ഭിന്നശേഷി വിഭാഗക്കാർക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
 

ഇരിങ്ങാലക്കുട മണ്ഡലത്തിലെ അഞ്ചാമത്തെ ക്യാമ്പാണ് ഇത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാബാലൻ വിശിഷ്ടാതിഥിയായി.  കേരള സാമൂഹിക സുരക്ഷാ മിഷൻ റീജണൽ ഡയറക്ടർ ഡോ. പി.സി സൗമ്യ, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ ജില്ലാ കോഡിനേറ്റർ കെ.പി സജീവ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വിവിധ വകുപ്പ് ഡോക്ടമാരുടെ നേതൃത്വത്തിൽ ക്യാമ്പ് നടന്നു.

date