Skip to main content

പദ്ധതി വിഹിതം ചെലവഴിച്ച് നേട്ടം സ്വന്തമാക്കി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതത്തിന്റെ 106.9 ശതമാനം ചെലവഴിച്ച് നേട്ടം സ്വന്തമാക്കി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്. ജില്ലയില്‍ മൂന്നാം സ്ഥാനം നേടിയ ബ്ലോക്കിന് ജില്ലാ ആസൂത്രണ സമിതിയുടെ പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. 

 

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 5.19 കോടി രൂപയുടെ ബജറ്റായിരുന്നു വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ചിരുന്നത്. ഇതിന് പുറമേ മുന്‍വര്‍ഷത്തെ സ്പില്‍ ഓവര്‍ തുക ഉള്‍പ്പെടെ അഞ്ചര കോടി രൂപയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് ചെലവഴിച്ചത്. ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിലൂടെ സംസ്ഥാന തലത്തില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് പറഞ്ഞു.

 

പി.എം.എ.വൈ ഭവന പദ്ധതികള്‍, വായനശാലകള്‍ക്കുള്ള ഉപകരണങ്ങളും സഹായവും, സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള സഹായങ്ങള്‍ ഉള്‍പ്പെടെ വനിതകള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍, എ.ബി.സി സെന്റര്‍ തുടങ്ങി വിവിധ പദ്ധതികളാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്.

 

ജില്ലാ കളക്ടറേറ്റിലെ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ആര്‍ വിശ്വപ്പന്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ജ്യോതികുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

 

date