Skip to main content

കലാസംസ്‌കാരിക മുന്നേറ്റത്തിനായി സൗജന്യ കലാ പരിശീലന പരിപാടിയുമായി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ സൗജന്യ കലാ പരിശീലനം സംഘടിപ്പിക്കുന്നു. മാര്‍ഗംകളി, മോഹിനിയാട്ടം, ചിത്രകല, മുടിയേറ്റ് (ചെണ്ട) എന്നീ ഇരങ്ങളിലാണ് പരിശീലനം നല്‍കുന്നത്. 

 

അതാത് മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാരാണ് പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആര്‍.എല്‍.വി മിഥുന മധുവാണ് മോഹിനിയാട്ടത്തില്‍ പരിശീലനം നല്‍കുന്നത്. കെ.എ ആതിരയാണ് മാര്‍ഗംകളിക്കും ചിത്രകലയില്‍ പിഎച്ച് വിഷ്ണു നാരായണനും മുടിയേറ്റില്‍ ദിനിന്‍ കുമാര്‍ ഐരാപുരവും പരിശീലനം നല്‍കും.

 

നാടിന്റെ സാംസ്‌കാരിക ഉന്നതി നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, പ്രായഭേദമന്യേ കലയോടുള്ള ആഭിമുഖ്യം വളര്‍ത്തുക, കലാ വിഷയങ്ങളില്‍ യോഗ്യത നേടുന്നവരെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെയാണ് വജ്രജൂബിലി ഫെല്ലോഷിപ്പ് ആരംഭിച്ചിരിക്കുന്നത്. കേരളത്തിന്റെ കലാസാംസ്‌കാരിക പാരമ്പര്യത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. 

 

പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലോ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 30-നാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, പഞ്ചായത്ത് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്.

 

വടവുകോട് ബ്ലോക്കിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന കലാ പരിശീലന പരിപാടികളില്‍ നിരവധി പേരായിരുന്നു പങ്കെടുത്ത് പ്രാഗത്ഭ്യം നേടിയത്.

date