Skip to main content

ജില്ലാ പഞ്ചായത്ത് വിത്ത് ഗ്രാമം പദ്ധതി: നെൽവിത്ത് വിളവെടുപ്പിന് തുടക്കമായി

ആലപ്പുഴ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി നെൽവിത്ത് വിളവെടുപ്പിന്റെ ജില്ലാതല ഉദ്ഘാടനം നൂറനാട് പഞ്ചായത്തിലെ ഇടപ്പോൺ പാടശേഖരത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷയായി.
നൂറനാട് പഞ്ചായത്തിലെ കർഷകർ രജിസ്റ്റേർഡ് വിത്തുല്പാദക പദ്ധതിയിൽ ഉൽപ്പാദിപ്പിച്ച 'മനുരത്ന' ഇനത്തിപ്പെട്ട വിത്തിന്റെ ഒന്നാംഘട്ട കൊയ്ത്ത് ഉദ്ഘാടനമാണ് ഇടപ്പോൺ പാടശേഖരത്തിൽ പൂർത്തിയായത്. 20 ഏക്കർ പാടത്തുനിന്നും 40 ടൺ വിത്താണ്  സംഭരിച്ചത്. ജില്ലയിലെ നെൽകൃഷി നേരിടുന്ന പ്രതിസന്ധികളിലൊന്ന് ഗുണമേന്മയുള്ള നെൽവിത്ത് പ്രാദേശികമായി ലഭ്യമാകുന്നില്ല എന്നതാണ്. ഇതിന് പരിഹാരമായാണ് 2024-25 വാർഷിക പദ്ധതി ഉൾപ്പെടുത്തി വിത്ത് ഗ്രാമം എന്ന പേരിൽ നെൽവിത്ത് ഉൽപ്പാദന പദ്ധതിക്ക് തുടക്കം കുറിച്ചത്.

കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ് വിത്തിനങ്ങൾ കൃഷി ചെയ്യുന്നത്. അറുന്നൂറ്റി മംഗലം ജില്ലാ ഫാമിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.    
സീഡ് ഇൻസ്പക്ടർ കൂടിയായ നൂറനാട് കൃഷി അസിസ്റ്റന്റ് വിത്ത് സാമ്പിൾ ശേഖരിക്കും. ഇത് ആലപ്പുഴ വിത്ത് പരിശോധനാ ലാബിൽ ഗുണമേന്മ പരിശോധനയ്ക്ക് അയക്കും. മനുരത്ന വിത്തിന് 15 ദിവസത്തിനകവും ഉമ വിത്തിന് 25 ദിവസത്തിനകവും ഗുണമേന്മ ഫലം ലഭ്യമാകും. ഇത് ലഭ്യമാകുന്ന മുറയ്ക്ക് കർഷകരിൽ നിന്ന് വിത്ത് ശേഖരിച്ച് ഹരിപ്പാടുള്ള വെയർ ഹൗസിംഗ് കോർപ്പറേഷൻ്റെ ഗോഡൗണിൽ എത്തിച്ച് അവിടെ നിന്ന് ശാസ്ത്രീയമായ രീതിയിൽ  സംസ്കരണം നടത്തി കർഷകർക്ക് വിതരണം നടത്താനാണ് പദ്ധതി.
വിത്ത് ലഭ്യമാക്കുന്നതിന് പാടശേഖരങ്ങൾക്ക് കൃഷി ഭവനിൽ ബന്ധപ്പെടാവുന്നതാണ്.

നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ തുഷാര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി സോണി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശോഭ സുരേഷ്, സജനി ജോജി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ സിന്ധു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ രാജശ്രീ ആർ നായർ, അറുനൂറ്റിമംഗലം ഫാം സൂപ്രണ്ട് ടി ടി അരുൺ, ജില്ലാ പഞ്ചായത്ത് ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ എസ് അനീഷ്, കൃഷി ഓഫീസർമാരായ ഡോ. ലക്ഷമി ശേഖർ, ആർ സുശീല, കാർഷിക വികസന സമിതി അംഗങ്ങളായ ടി കെ രാജൻ, തുളസി കുമാർ, മോഹനൻ നല്ല വീട്ടിൽ, കൃഷി അസിസ്റ്റൻറ്റുമാരായ എസ് ഷാഹിന, എം ജെ രഞ്ജിത്ത്, കർഷക പ്രതിനിധികളായ രവീന്ദ്രൻ നായർ, പ്രതിഭ പ്രഭാകർ, രാധാകൃഷ്ണൻ പിള്ള, മണിയമ്മ വിജയൻ, രേഖ ഉണ്ണികൃഷ്ണൻ, ടി ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/1139)

date