Skip to main content

ലഹരിക്കെതിരെ കർശന നിലപാട് എടുക്കണം: വി ശശി എംഎൽഎ

#ലഹരി തടയാൻ സംയുക്ത ആക്ഷൻ പ്ലാൻ: യോ​ഗം ചേർന്നു#

ലഹരി ഉപയോ​ഗത്തിനെതിരെ പോലീസിന്റെയും എക്സൈസിന്റെയും ഭാ​ഗത്തുനിന്ന് കർശന നിലപാട് ഉണ്ടാകണമെന്ന് വി.ശശി എംഎൽഎ. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആക്ഷൻപ്ലാൻ രൂപീകരിക്കുന്നതിനും തിരുവനന്തപുരം റൂറൽ പോലീസ്, എക്സൈസ്, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. ലഹരി വില്ക്കുന്നത് വരുമാന മാർ​ഗ്​ഗമായി കാണുന്നവർ ഉണ്ടെന്നും ഇത്തരം ദോഷകരമായ പ്രവണതകൾ തുടച്ചുനീക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു.

തിരുവനന്തപുരം ഡിഐജി അജിതാ ബീ​ഗം വിഷയാവതരണം നടത്തി. ലഹരി ഉപയോ​ഗം കൂടിവരുന്നത് ഒരു അന്താരാഷ്ട്ര വെല്ലുവിളിയാണെന്നും എല്ലാ വകുപ്പുകളും സംഘടനങ്ങളും പൊതുജനങ്ങളും ഒന്നിച്ചുള്ള ഒരു സംയുക്ത ആക്ഷൻപ്ലാൻ ആണ് ലഹരിക്കെതിരെ പോരാടാൻ വേണ്ടതെന്നും അജിതാ ബീ​ഗം പറഞ്ഞു.

ലഹരിയുമായി ബന്ധപ്പെട്ട് 30,000ൽ അധികം കേസ്സുകളാണ് കഴിഞ്ഞ വർഷം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഡ്ര​ഗ് കേസ്സുകൾ കേരളത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 8000 കേസ്സുകൾ രജിസ്റ്റർ ചെയ്തു. ബോധവത്ക്കരണ പരിപാടികൾ ശക്തമാക്കുന്നതോടൊപ്പം ലഹരിക്കെതിരെയുള്ള പ്രതിരോധ നടപടികളും കൈക്കൊള്ളും. ലഹരി ഉപയോ​ഗത്തിന് അടിമപ്പെടുന്ന കുട്ടികളുടെ കഴിവുകൾ സർ​ഗ്​ഗാത്മക-കായിക മേഖലകളിലേക്ക് തിരിച്ചുവിടാൻ കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു.

നിയന്ത്രിക്കാൻ കഴിയാത്തവിധം പേടിപ്പെടുത്തുന്ന ​ലഹരിക്കേസുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് ജില്ലാ കളക്ടർ അനു കുമാരി പറ‍ഞ്ഞു. കോളേജ്, സ്കൂൾ തലത്തിൽ ബോധവത്ക്കരണം ശക്തമാക്കണമെന്നും എസ്.പി.സിയുടെ സേവനം ഇക്കാര്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അവർ കൂട്ടിച്ചേർത്തു.

സബ് കളക്ടർ ആൽഫ്രഡ് ഒ.വി, തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ്, ഡി.എഫ്.ഒ ഷാനവാസ്, നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ, എക്സൈസ്-പോലീസ്  ഉദ്യോ​ഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date