Skip to main content

തലശ്ശേരി തീർഥാടന ടൂറിസത്തിന് 25 കോടിയുടെ കേന്ദ്രാനുമതി

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴി പൈതൃക നഗരിയായ തലശ്ശേരിയുടെ വികസനത്തിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. ആറ് ഘടക പദ്ധതികളായി തിരിച്ചാണ് അനുമതി. സുസ്ഥിര വികസനം ലക്ഷ്യമിട്ടുകൊണ്ട് ടൂറിസം കേന്ദ്രങ്ങൾ ആകർഷകമാക്കാനും തീർഥാടന ടൂറിസം കേന്ദ്രമാക്കി തലശ്ശേരിയേയും പരിസര പ്രദേശങ്ങളെയും ഉയർത്തിക്കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. താഴെ അങ്ങാടി പൈതൃക തെരുവ് നവീകരണത്തിന് 400 ലക്ഷം, ചിറക്കക്കാവിന് 151 ലക്ഷം, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് 498 ലക്ഷം, പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമിക്ക് 193 ലക്ഷം, ചൊക്ലി നിടുമ്പ്രം തെയ്യംകലാ അക്കാദമിക്ക് 123 ലക്ഷം, ഹരിത ടൂറിസത്തിന് 325 ലക്ഷം, സാങ്കേതിക സംവിധാനങ്ങൾ ഒരുക്കാൻ 266 ലക്ഷം, മാർക്കറ്റിംഗ് പ്രൊമോഷന് 25 ലക്ഷം, പരിശീലനം, ശിൽപശാലകൾ എന്നിവയ്ക്ക് 52 ലക്ഷം എന്നിങ്ങനെ ആറ് ഘടക പദ്ധതികളിലായി 25 കോടി രൂപയുടെ പ്രവർത്തനാനുമതിയാണ് ലഭ്യമായത്. പദ്ധതി പ്രവർത്തനങ്ങൾക്കുള്ള സ്ഥലം, പിന്തുണാ സംവിധാനങ്ങൾ എന്നിവ സംസ്ഥാന സർക്കാർ ഒരുക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും തലശ്ശേരിയിലും വിവിധ ഘട്ടങ്ങളിലായി നടന്ന ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിരന്തര ചർച്ചയുടെ ഭാഗമായാണ് തലശ്ശേരിക്ക് ഇത്രയും വലിയൊരു പദ്ധതി അംഗീകാരം ലഭിച്ചത്.

date