Skip to main content

ഓഡിറ്റ്‌ റിപ്പോർട്ട്‌: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിനെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് അധികൃതർ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയുടെ 2022-23 വർഷത്തിലെ വരവ് ചെലവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ വാർഷിക ഓഡിറ്റിനോടനുബന്ധിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ നിന്നും പിൻതിരിയണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓഡിറ്റ് വേളകളിൽ സാധാരണയായി ഉന്നയിക്കാറുള്ള ചോദ്യങ്ങൾക്ക് അപ്പോൾ തന്നെ ആശുപത്രിയിൽ നിന്നും കൃത്യമായ മറുപടി സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ ഇത്തരം വിശദീകരണങ്ങൾ എല്ലാം തന്നെ മറച്ചു വെച്ചു കൊണ്ട് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്.

ആശുപത്രി വികസന സമിതിയുടെ വരുമാനത്തിൽ പ്രസ്‌തുത കാലയളവിൽ 10 ലക്ഷം രൂപയുടെ വ്യത്യാസം കാണുന്നത് ഇ പോസ് , ഗൂഗിൾ പേ വഴി ലഭിച്ച തുകയുടേതാണ്. ഇത്തരം പേമെന്റുകളിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ലഭിക്കുവാൻ കാലതാമസം ഉണ്ടാകാറുണ്ട്. ഇങ്ങനെയുളള സന്ദർഭങ്ങളിൽ അത് തൊട്ടടുത്ത സാമ്പത്തിക വർഷത്തെ കണക്കിൽ ബാങ്ക് റികൺസിലിയേഷൻ ചെയ്‌ത്‌ സമർപ്പിക്കുകയാണ് പതിവ്. അപ്രകാരം പ്രസ്തുത തുക റീ കൺസിലിയേഷൻ ചെയ്‌ത്‌ സമർപ്പിച്ചിട്ടുണ്ട്. എച്ച്.ഡി.എസ്. ഫാർമസി വരുമാനത്തിൽ ഉണ്ടായ 12 കോടി രൂപയുടെ വ്യത്യാസം വ്യത്യസ്ത ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളിലൂടെയുള്ള (കാസ്‌പ്, കാരുണ്യ, മെഡിസെപ്പ്, ട്രൈബൽ) ക്രെഡിറ്റ് സെയിൽ വന്ന തുകയാണ്. ഈ തുക സർക്കാരിൽ നിന്നും ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ അക്കൗണ്ടിൽ വരവ് വെയ്ക്കുവാൻ സാധിക്കുകയുള്ളൂ. ഈ തുക സർക്കാരിൽ നിന്നും അനുവദിച്ച് വികസന സമിതി ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്‌താൽ മാത്രമേ വരവ് വെയ്ക്കുവാൻ സാധിക്കുകയുള്ളൂ. 

ആശുപത്രി വികസന സൊസൈറ്റിയിൽ വാടക ഇനത്തിൽ വന്ന 29 ലക്ഷം രൂപയുടെ കുടിശ്ശിക നാല് സ്ഥാപനങ്ങളിൽ നിന്നായി ലഭിക്കേണ്ട തുകയാണ്. ആയതിൽ 3 സ്ഥാപനങ്ങളുടെ കുടിശ്ശികയായ 22 ലക്ഷം രൂപ, 2023, 2024, 2025 വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. അതിൽ ന്യൂസ്റ്റോർ എന്ന സ്ഥാപനവുമായി വ്യവഹാരത്തിൽ ഏർപ്പെടുകയും എച്ച്.ഡി.എസിന് അനുകൂലമായി വിധി വരികയും ചെയ്‌തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത സ്ഥാപനത്തിന്റെ വെള്ളം, വൈദ്യുതി കണക്ഷനുകൾ എന്നിവ വിച്ഛേദിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ സ്ഥാപനം നടത്തുന്നതിന് എതിരെ ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർക്ക് പരാതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആശുപത്രി കോമ്പൗണ്ടിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്നും വികസന സമിതി പാർക്കിംഗ് ഫീസ് ഈടാക്കാൻ തുടങ്ങിയതു മുതൽ വരുമാനത്തിന്റെ 50 ശതമാനം ആശുപത്രി വികസന സമിതിക്കും 50 ശതമാനം കുടുംബശ്രീക്കും എന്ന പ്രകാരമാണ് കരാറിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ ഇപ്രകാരം ലഭിക്കുന്ന തുകയിൽ നിന്നും കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല എന്ന് കാണിച്ച് കുടുംബശ്രീ അധികൃതർ സമർപ്പിച്ച അപേക്ഷ പിന്നീട് ചേർന്ന എച്ച്.ഡി.എസ്. എക്‌സിക്യൂട്ടീവിൽ അജണ്ടയായി വെക്കുകയും എക്‌സിക്യുട്ടീവ് തീരുമാനപ്രകാരം വരുമാനത്തിന്റെ 60 ശതമാനം കുടുംബശ്രീക്കും, 40 ശതമാനം എച്ച്.ഡി.എസിനും എന്ന നിലയിൽ കരാർ പുതുക്കുകയാണ് ചെയ്‌തത്. ഇതേത്തുടർന്നാണ് പാർക്കിംഗ് ഫീസ് വരുമാനത്തിൽ അന്തരമുണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

2022-23 സാമ്പത്തിക വർഷത്തിൽ അത്യാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അഞ്ച് തവണ എച്ച്.ഡി.എസ്. എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്. ആശുപത്രി വികസന സമിതിയുടെ ജനറൽ ബോഡി യോഗം 2023 ഡിസംബർ 10 ന് വിളിച്ചു ചേർത്തെങ്കിലും ക്വാറം തികയാത്തതിനാൽ യോഗം നടന്നിരുന്നില്ല. പിന്നീട് രണ്ട് പ്രാവശ്യം ജനറൽ ബോഡി ചേരുകയും ചെയ്‌തിട്ടുണ്ട്. 

ഈ വിഷയങ്ങൾക്ക് കൃത്യമായ മറുപടി സമർപ്പിച്ചതിന് പുറമെ ഓഡിറ്റ് വേളയിൽ ഉന്നയിക്കപ്പെട്ട എല്ലാവിധ നിർദ്ദേശങ്ങളും എച്ച്.ഡി.എസ്. ഓഫീസ് നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയുടെ വികസന സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കുവാൻ അക്ഷീണ പരിശ്രമം നടത്തുന്ന ആശുപത്രി അധികൃതരെക്കുറിച്ച് തെറ്റായ ധാരണ പരത്തുന്ന പ്രവർത്തികളിൽ നിന്നും എല്ലാ വിഭാഗം ആൾക്കാരും യഥാർത്ഥ വസ്‌തുതകൾ മനസ്സിലാക്കി പിൻതിരിയണമെന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

date