ദേശീയപാതയിലെ ഗതാഗതകുരുക്ക്- ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു ; ഒരാഴ്ചക്കുള്ളിൽ ഗതാഗതകുരുക്കിന് പരിഹാരം കാണുമെന്ന് എൻ.എച്ച്.എ.ഐ
ചാലക്കുടി-അങ്കമാലി ദേശീയപാതയിൽ ഗതാഗതകുരുക്ക് അഴിക്കാൻ കർശന നിർദ്ദേശങ്ങളുമായി ജില്ലാ ഭരണകൂടം. ഗതാഗതകുരുക്കിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്ന് ദേശീയപാതാ അതോറിറ്റി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ വിളിച്ച് ചേർത്ത യോഗത്തിൽ ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് പരിശോധന നടത്തി ഏപ്രിൽ 28ന് റിപ്പോർട്ട് സമർപ്പിക്കുവാൻ പൊലീസ്, ആർ.ടി.ഒ., ചാലക്കുടി തഹസിൽദാർ എന്നിവർക്ക് കളക്ടർ നിർദ്ദേശം നൽകി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിവ് നിർത്തി വയ്ക്കുന്ന ഉത്തരവ് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവിക്കുന്ന മേഖലകളിൽ ഗതാഗതനിയന്ത്രണത്തിന് ട്രാഫിക് വാർഡന്മാരെ എത്രയും വേഗം നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പൊലീസിനെയും ദേശീയപാതാ അതോറിറ്റിയെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചുമതലപ്പെടുത്തി. ദേശീയപാതയിലെ ഗതാഗതകുരുക്കിനെ സംബന്ധിച്ച് ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.
നിലവിൽ ഗതാഗതം വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളിൽ വ്യക്തമായ സൈൻ ബോർഡുകൾ ഇല്ലാത്തതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി യോഗത്തിൽ അഭിപ്രായം ഉയർന്നു. കൂടാതെ, നിർമാണം നടക്കുന്ന മേഖലകളിൽ അപകടം ഒഴിവാക്കുന്നതിന് രാത്രിയിലും കാണാനാകുന്ന തരത്തിലുള്ള ലൈറ്റിങ് സംവിധാനം വേണമെന്നും ആവശ്യമുയർന്നു. ഇക്കാര്യം എത്രയും പെട്ടന്ന് നടപ്പിലാക്കാൻ എൻ.എച്ച്.എ.ഐ കളക്ടർ നിർദ്ദേശം നൽകി.
സർവീസ് റോഡുകൾ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണം. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളിലെ തടസ്സങ്ങൾ നീക്കണം.
കുരുക്ക് ഒഴിവാക്കുവാൻ ഗതാഗതം വഴിതിരിച്ച് വിടുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുവാൻ പൊലീസിനും ആർ.ടി.ഒയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗതസംവിധാനത്തെക്കുറിച്ച് എല്ലാ ആഴ്ചയിലും ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അവലോകനം നടത്തും.
ഗതാഗതം തിരിച്ചു വിടുന്ന സ്ഥലങ്ങളിൽ വിവിധ ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിക്കുവാനും നിർദ്ദേശമുണ്ട്. മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ ബസ് സ്റ്റോപ്പ് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിൽ താൽകാലികമായി മാറ്റി സ്ഥാപിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ആർ.ടി.ഒ അറിയിച്ചു.
സർവീസ് റോഡുകളിലെ കാനകളിൽ തടസമുള്ളതിനാൽ ചെറിയ മഴക്ക് പോലും വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നതായി റൂറൽ എസ്.പി ബി. കൃഷ്ണദാസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയത്ത് മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കാണ് ദേശീയപാതയിൽ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചിട്ടില്ലെന്നും റൂറൽ എസ്.പി അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണാൻ കളക്ടർ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി.
കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ഡി.എം) സി.എസ്. സ്മിതാ റാണി, തഹസിൽദാർമാരായ കെ.എം. സിവീഷ് സാഹു, കെ.എം ജേക്കബ്, എം. എസ് കിഷോർ, ഒല്ലൂർ എ.സി.പി എസ്.പി സുധീരൻ, ചാലക്കുടി ഡി.വൈ.എസ്.പി കെ. സുമേഷ്, തൃശ്ശൂർ റൂറൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷ്, ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് പി.വി ബിജു, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം എസ്‌കിക്യൂട്ടീവ് എഞ്ചിനീയർ എസ് ഹരീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ദേശീയപാതാ അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments