മന്ത്രിസഭ നാലാം വാര്‍ഷികം മെയ് നാല് മുതല്‍
രണ്ടാം പിണറായി വിജയന്‍മന്ത്രി സഭയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള 2025' മെയ് നാല് മുതല്‍ 10 വരെ പാലക്കാട് സ്റ്റേഡിയം ബസ്സ്റ്റാന്റിന് സമീപമുളള മൈതാനത്ത് ആരംഭിക്കും. മെയ് നാലിന് വൈകീട്ട് അഞ്ചിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മേള ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനാവും. രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയാണ് മേളയുടെ സമയക്രമം. പ്രവേശനം സൗജന്യമാണ്. പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മെയ് അഞ്ചിന് ജില്ലാതലയോഗം പാലക്കാട് കോസ്മോപൊളിറ്റന്‍ ക്ലബ്ബില്‍ നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെയാണ് ജില്ലാതല യോഗം. ജില്ലാതലയോഗത്തില്‍ തിരഞ്ഞെടുത്ത പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍ തുടങ്ങി വിവിധ മേഖലകളിലുളള 500 പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും.
മെയ് എട്ടിന് പാലക്കാട് മലമ്പുഴ ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീ മൂന്ന് ജില്ലകളുടെ മേഖലാതല അവലോകനയോഗം നടക്കും. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന മേഖലാ യോഗങ്ങളുടെ തുടര്‍ച്ചയായാണ് യോഗം നടക്കുക. ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുകയുമാണ്് മേഖലാ യോഗം ലക്ഷ്യമിടുന്നത്.
മെയ് 18 ന് പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം അടിസ്ഥാനമാക്കി സംസ്ഥാനതല പ്രത്യേക യോഗം പാലക്കാട് മലമ്പുഴ ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ രാവിലെ 9.30ന് ചേരും. സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ പങ്കെടുക്കും. നവകേരളത്തിന്റെ പുതുവഴികളില്‍ പട്ടിക വിഭാഗക്കാരെ കൂടുതല്‍ ഉന്നതിയിലേക്ക് എത്തിക്കുന്നതിനും മേഖലയിലെ നിലവിലുള്ള വിഷയങ്ങള്‍ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമാണ് പ്രത്യേക യോഗം നടത്തുന്നത്.
- Log in to post comments