മോടികൂട്ടി കക്കട്ടില്‍ ടൗണ്‍; നവീകരണം പൂര്‍ത്തിയായി
സംസ്ഥാനപാതയിലെ കക്കട്ടില്‍ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. കരാറുകാരന്റെ അനാസ്ഥ കാരണം പാതിവഴിയില്‍ മുടങ്ങിയ പ്രവൃത്തി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ കരാര്‍ നല്‍കിയാണ് പൂര്‍ത്തീകരിച്ചത്. നവീകരണത്തിന്റെ ഭാഗമായി ടൗണില്‍ ഇന്റര്‍ലോക്ക് വിരിച്ച നടപ്പാതകള്‍, ഓവുചാല്‍, സുരക്ഷാ വേലികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് നിയമസഭയിലും ജില്ലാതല, മണ്ഡലംതല യോഗങ്ങളിലും കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ നടത്തിയ നിരന്തര ഇടപെടലിലൂടെയാണ് പാതിയില്‍ മുടങ്ങിയ പദ്ധതി പൂര്‍ത്തിയാക്കാനായത്.
റോഡിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി 400 മീറ്റര്‍ നീളത്തില്‍ പുതുതായി നടപ്പാതയോടുകൂടിയ കോണ്‍ക്രീറ്റ് ഓവുചാല്‍, 482 മീറ്റര്‍ നീളത്തില്‍ ഹാന്‍ഡ് റെയില്‍, 640 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് കെര്‍ബ് എന്നിവ നിര്‍മിച്ചു. നേരത്തെ നിര്‍മിച്ച നടപ്പാതയുള്‍പ്പെടെ 1,691 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 60 എംഎം കനത്തിലുള്ള ഇന്റര്‍ലോക്ക് കട്ടകളാണ് വിരിച്ചത്. റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി 401 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലും ഇന്റര്‍ലോക്ക് കട്ടകള്‍ വിരിച്ചിട്ടുണ്ട്. റോഡരിക് സംരക്ഷിക്കുന്നതിന് 2900 ചതുരശ്ര മീറ്ററില്‍ ഐറിഷ് ഡ്രയിനും നിര്‍മിച്ചു. കഴിഞ്ഞവര്‍ഷം സംസ്ഥാനപാതയുടെ ബിസി ഓവര്‍ലേ പ്രവൃത്തിയും നടത്തിയതിനാല്‍ മികച്ച സൗകര്യമാണ് കക്കട്ടില്‍ ടൗണിലുള്ളത്.
- Log in to post comments