Skip to main content

കടമക്കുടി അടിസ്ഥാന സൗകര്യ വികസന നേട്ടത്തില്‍

പിഴല 350 മീറ്റര്‍ റോഡും പൊതു ശ്മശാനവും തുറക്കുന്നു 

 

കടമക്കുടി ഗ്രാമപഞ്ചായത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ സുപ്രധാന ചുവടുവയ്പിനു അവസരമൊരുങ്ങി. പിഴല 350 മീറ്റര്‍ റോഡിന്റെയും കടമക്കുടി പൊതുശ്മശാനത്തിന്റെയും ഉദ്ഘാടനം മെയ് 9നു ഉച്ചകഴിഞ്ഞു മൂന്നിന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിക്കും.

 

പിഴല ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സെന്റ്, ജിഡ സെക്രട്ടറി രഘുരാമന്‍ എന്നിവര്‍ പങ്കെടുക്കും.

 

1.94 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച പിഴല 350 മീറ്റര്‍ റോഡ് 2020ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത 100 കോടി രൂപ മുടക്കി നിര്‍മ്മിച്ച പിഴല - മൂലമ്പിള്ളി പാലത്തിലേക്കുള്ള ഏക പ്രവേശനമാര്‍ഗ്ഗമാണ്. 

 

തെക്ക് കണ്ടയ്‌നര്‍ ടെര്‍മിനല്‍ പാത (966 എ ഹൈവേ ) യുമായും വടക്ക് നാഷണല്‍ ഹൈവേ 17മായും ബന്ധിപ്പിക്കുന്ന പിഴല - ചേന്നൂര്‍ - ചരിയം തുരുത്ത് 9 മീറ്റര്‍ പ്രോജക്റ്റിന്റെ പ്രഥമ റീച്ചും ഈ റോഡാണ്.350 മീറ്റര്‍ റോഡില്‍ നിന്നും തുടങ്ങുന്ന രണ്ടാമത്തെ റീച്ച് പിഴല റോഡാണ്. മൂന്നാം റീച്ചാണ് ചരിയം തുരുത്ത് റോഡ്. 

 

ചേന്നൂര്‍ - കോതാട് പാലം, വലിയ കടമക്കുടി - ചാത്തനാട് പാലം, പിഴല - കടമക്കുടി പാലം, പിഴല - ചെറിയ കടമക്കുടി പാലം എന്നീ 5 പാലങ്ങളില്‍ നിന്നും അനുബന്ധ റോഡുകളില്‍ നിന്നും കണ്ടയ്‌നര്‍ ടെര്‍മിനല്‍ പാതയിലേക്ക് ഉള്ള ഏക പ്രവേശനമാര്‍ഗ്ഗവും ഈ 350 മീറ്റര്‍ കണക്റ്റിവിറ്റി അപ്രോച്ച് റോഡ് തന്നെ.

 

1.17 കോടി രൂപ ചെലവിലാണ് കടമക്കുടിയിലെ ആദ്യ പൊതുശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എയുടെയും ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും വിഹിതവും ഉള്‍പ്പെടുന്നു. ഇലക്ട്രിക് ക്രിമിറ്റോറിയമാണെന്നത് ഈ പൊതുശ്മശാനത്തിന്റെ പ്രത്യേകതയാണ്.

date