Skip to main content
കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കുന്നു

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി പ്രകാരം നിര്‍മിച്ച കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം കായിക ന്യൂനപക്ഷ, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളിലും പൊതു സമൂഹത്തിലും കായിക ക്ഷമത വളര്‍ത്തുന്നതിന് വേണ്ടിയാണ് അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 

എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.പി.എം മുഹമ്മദ് അഷറഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ മുഖേന നടപ്പിലാക്കിയ സ്റ്റേഡിയത്തില്‍ കല്യാശ്ശേരി നിയോജക മണ്ഡലം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും കായിക വകുപ്പ് പ്ലാന്‍ ഫണ്ടിന്റെ 50 ലക്ഷം രൂപയും ചേര്‍ന്ന് ഒരു കോടി രൂപയാണ് നിര്‍മാണ ചെലവ്. ഫ്‌ളഡ് ലൈറ്റ് സംവിധാനവും സ്റ്റേഡിയത്തിന്റെ പ്രത്യേകതയാണ്. 

ഉദ്‌ഘാടനത്തിന് ശേഷം വനിതാ ടീം അംഗങ്ങളുടെ സൗഹൃദ ഫുട്ബോൾ മത്സരവും കുഞ്ഞിമംഗലം പ്രാദേശിക സ്പോർട്സ് ക്ലബ്ബുകളുടെ ഫുട്ബോൾ ടൂർണമെന്റും നടന്നു. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന്റെ ഭാഗമായി ഗ്രാമീണതലത്തില്‍ കളിക്കളങ്ങള്‍, ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയങ്ങള്‍, സിന്തറ്റിക് ട്രാക്കുകള്‍, സ്വിമ്മിങ്ങ് പൂള്‍, സ്‌പോര്‍ട്‌സ് ടൂറിസം പദ്ധതികള്‍, ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിങ്ങനെ നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. ജില്ലയില്‍ കായിക വകുപ്പ് മുഖേന 88.12 കോടി രൂപയുടെ 57 പ്രവൃത്തികളും കിഫ്ബി പദ്ധതി പ്രകാരം 125.11 കോടി രൂപയുടെ പത്ത് പ്രവൃത്തികളുമാണ് വിവിധ ഘട്ടങ്ങളിലായി നടന്നുവരുന്നത്. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 7.23 കോടിയുടെ അഞ്ച് പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. 

കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പ്രാര്‍ത്ഥന, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുണ്ടയാട് ശശീന്ദ്രന്‍, ജില്ലാപഞ്ചായത്ത് അംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ദീബു, എട്ടാം വാര്‍ഡ് അംഗം സുമയ്യ, കെ പത്മനാഭന്‍, കെ വി വാസു, സി പി ജയരാജന്‍, എം ശ്രീജിത്ത്, താജുദ്ദീന്‍, കെ എം ബാലകൃഷ്ണന്‍, വി കെ കരുണാകരന്‍, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date