അക്കരപ്പാടംകാർക്ക് ഇക്കരെയെത്താൻ പാലമായി
വൈക്കം അക്കരപ്പാടം പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന്റെ പടിഞ്ഞാറു ഭാഗമായ അക്കരപ്പാടത്തെയും കിഴക്കുഭാഗമായ നാനാടത്തെയും ബന്ധിപ്പിച്ചുകൊണ്ട് 150 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമിച്ചിരിക്കുന്നത്. 30 മീറ്റർ നീളമുള്ള അഞ്ച് സ്പാനോടുകൂടി നിർമിച്ച പാലത്തിന്റെ ഇരുകരകളിലുമായി 45 മീറ്റർ നീളത്തിലുളള അപ്രോച്ച് റോഡിന്റെ പണി ബി.എം.ബി.സി നിലവാരത്തിലും പൂർത്തിയാക്കി.
സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 16.89 കോടി രൂപയാണ് ചെലവഴിച്ചത്. അപ്രോച്ച് റോഡിന്റെ നിർമാണത്തിനായി 29.77 സെന്റ് സ്ഥലം ഏറ്റെടുത്തു. പൂനം ഗ്രാഹ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു നിർമാണ കരാർ.
വർഷങ്ങളായി അക്കരപ്പാടം നിവാസികൾ പുഴ കടക്കാൻ കടത്തുവള്ളത്തെ ആശ്രയിച്ചും ചെമ്മനാകരി, ടോൾ എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയുമാണ് പ്രധാന പാതയിലേക്ക് എത്തിയിരുന്നത്. പതിറ്റാണ്ടുകളായുള്ള അക്കരപ്പാടം നിവാസികളുടെ യാത്രാദുരിതത്തിന് പാലം തുറന്നുകൊടുക്കുന്നതോടെ അറുതിയാവുകയാണ്.
- Log in to post comments