എന്റെ കേരളം മെഗാ പ്രദര്‍ശനവിപണനമേള: വിസ്മയക്കാഴ്ച്ചകളൊരുക്കാന്‍ ബീച്ചില്‍ 72000 ചതുരശ്രയടി പ്രദര്‍ശനനഗരി ഒരുങ്ങുന്നു
രണ്ടാം പിണറായി വിജയന് മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശനവിപണന മേളയ്ക്ക് ആലപ്പുഴ ബീച്ചില്‍ പടുകൂറ്റന്‍ പവലിയന് ഒരുങ്ങുന്നു. 72,000 ചതുരശ്ര അടിയില്‍ അത്യാധുനിക ജര്‍മന്‍ ഹാംഗറിലാണ് പ്രദര്ശനമേളയ്ക്കുള്ള പവലിയന് ഒരുങ്ങുന്നത്. മേയ് ആറ് മുതല്‍ 12 വരെയാണ് പ്രദര്‍ശനവിപണനമേള.
അലുമിനിയം ഫ്രെയിമില്‍ വെളുത്ത ടാര്പ്പോളിന് വിരിച്ചാണ് ബീച്ചില്‍ പവലിയന് ഒരുക്കുന്നത്. ശക്തമായ കാറ്റിനെപ്പോലും അതിജീവിക്കാന്‍ കഴിവുള്ളതും സുരക്ഷിതവുമായ ജര്‍മ്മന്‍ ഹാംഗറില്‍ ചൂട് കുറക്കുന്നതിനാണ് വെള്ള ടാര്പ്പോളിന് വിരിക്കുന്നത്. പവലിയനുള്ളില്‍ തടി കൊണ്ടുള്ള പ്ലാറ്റ്ഫോമിന് മുകളില്‍ പരവതാനി വിരിച്ചിട്ടുണ്ട്. 115 എസി കളാണ് പന്തല്‍ ശീതീകരിക്കുന്നതിന് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആശയക്കുഴപ്പമില്ലാതെ സ്റ്റാളുകള്‍ ചുറ്റി നടന്നു കാണാന്‍ പാകത്തിനാണ് പവലിയനുള്ളിലെ ക്രമീകരണങ്ങള്‍. ഭിന്നശേഷിക്കാരായ സന്ദര്‍ശകര്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് പ്രത്യേക റാമ്പും ലഭ്യമാക്കിയിട്ടുണ്ട്. മേളയില്‍ എത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഒരുക്കാന്‍ 10000 ചതുരശ്ര അടിയില്‍ കുടുംബശ്രീ അടക്കമുള്ള ഫുഡ് കോര്‍ട്ടുകളും ഒരുക്കിയിട്ടുണ്ട്. ഫുഡ് കോര്‍ട്ടില്‍ ഒരേസമയം 300 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും.
എല്ലാ ദിവസവും വൈകിട്ട് നടക്കുന്ന കലാപരിപാടികള്‍ക്കായി 8000 ചതുരശ്ര അടിയിലുള്ള വിശാലമായ സദസ്സും 2048 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റേജും ഒരുക്കിയിട്ടുണ്ട്. സദസ്സില്‍ ആയിരം കസേരകള്‍ ഇടാന്‍ കഴിയും. കൊല്ലം സൂര്യ സൗണ്ട്സിന്റെ അമ്പതിനായിരം വോട്ട്സ് ഡോള്‍ബി സൗണ്ട് സിസ്റ്റമാണ് കലാപരിപാടികള്‍ക്കായി ഉപയോഗിക്കുന്നത്. പ്രദര്ശനമേളക്കെത്തുന്ന കുട്ടികള്‍ക്കായി 5000 ചതുരശ്ര അടിയില്‍ വിശാലമായ കളിസ്ഥലവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 1500 ചതുരശ്ര അടിയിലുള്ള സിനിമ തിയറ്ററും പ്രദര്ശനമേളയോട് ബന്ധപ്പെട്ട് ഒരുക്കുന്നുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളും 150 സേവന സ്റ്റാളുകളും 50 വാണിജ്യ സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്. സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളില്‍ നിന്ന് വിവിധ സര്‍ക്കാര്‍ സേവനങ്ങളും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച വിവരങ്ങളും ലഭിക്കും. രാവിലെ 10 മണി മുതല്‍ രാത്രി 9 മണി വരെയാണ് പ്രദര്‍ശനസമയം. അഗ്നിരക്ഷാസേന, പൊലീസ്, ആംബുലന്‍സ്, ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം, കുടിവെള്ളം, ശുചിമുറി സംവിധാനം എന്നിവയും പ്രദര്‍ശന വേദിയില്‍ ഒരുക്കിയിട്ടുണ്ട്. മേള നഗരിയില്‍ 45 ഇ-ടോയിലറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ദിവസവും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പന്തല്‍ നിര്‍മ്മാണം, എയര്‍ കണ്ടീഷനിങ്, പ്ലാറ്റ്ഫോം, ഇലക്ട്രിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ 80 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പന്തല്‍ ട്രേഡ് ഫെയര്‍ അസോസിയേറ്റ്സാണ് നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നത്. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ശനിയാഴ്ച്ച രാവിലെ വേദിയിലെത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തി. എഡിഎം ആശ സി എബ്രഹാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ എസ് സുമേഷ്, എച്ച് എസ് പ്രീത പ്രതാപന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
(പിആര്‍/എഎല്‍പി/1212)
- Log in to post comments